ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് റദ്ദാക്കി. പതഞ്ജലിയുടെ ദിവ്യ ഫാർമസി നിർമിക്കുന്ന ഉത്ന്നങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഉത്തരാഖണ്ഡ് ലൈസൻസിംഗ് ബോഡി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അറിയിച്ചത്.
ദിവ്യ ഫാർമസിയുടെ ദൃഷ്ടി ഐ ഡ്രോപ്പ്, സ്വസാരി ഗോൾഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസാരി അവലേ, മുക്ത വതി എക്സ്ട്രാ പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വാതി എക്സ്ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഇയെ ഗോൾഡ് എന്നിവ നിരോധിച്ച ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു.
അതേസമയം, രാംദേവും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ആചാര്യ ബാലകൃഷ്ണയും പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതി ഇന്നു പരിഗണിക്കും. പത്രങ്ങളിൽ മാപ്പപേക്ഷ “പ്രധാനമായി” പ്രദർശിപ്പിക്കാത്തതിന് പതഞ്ജലിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.