എടക്കര: പോത്തുകൽ പഞ്ചായത്തിലെ കവളപ്പാറയിലെ ഉരുൾപൊട്ടലിനെ പുറമെ സമീപ പ്രദേശമായ അതിരുവീട്ടി മലയിലെ ഉരുൾപൊട്ടലിൽ പാതാർ ഗ്രാമം തുടച്ചുനീക്കപ്പെട്ടു. പതിനഞ്ച് വീടുകളാണ് ഇവിടെ പൂർണമായും തകർന്നത്.
പാതാർ അങ്ങാടിയിലെ നിരവധി കച്ചവട സ്ഥാപനങ്ങളും ഇല്ലാതായി. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളംകയറി നാശം നേരിട്ടു. പാതാർ അങ്ങാടിയും പരിസരവും കൂറ്റൻ പാറകളാൽ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് പാതാറിനു മുകളിലുള്ള തേൻപാറ മലയിലും സമീപത്തെ മലയിലും അഞ്ചിടങ്ങളിലായി ഉരുൾപൊട്ടലുണ്ടായത്.
അങ്ങാടിയിലെ കടകളിൽ കുടുങ്ങിയ ഇരുപതോളം പേരെയും വീടിനുള്ളിൽ വെള്ളത്തിൽ കുടുങ്ങിയ പൈനാടത്ത് ജോബിയുടെ ഭാര്യ പ്രബിത, മകൻ ജോഹാൻ എന്നിവരെയും നാട്ടുകാർ രക്ഷപ്പെടുത്തി. വീടുകളിൽ ഉണ്ടായിരുന്നവർ മലവെള്ളപ്പാച്ചിൽ കണ്ടു ഓടി രക്ഷപെടുകയായിരുന്നു. കോട്ടാടൻ നാസർ, കോലോത്തുംപറന്പിൽ ബാപ്പു എന്നിവർ തൊട്ടടുത്തെ തെങ്ങിൽ കെട്ടിപ്പിടിച്ചു നിന്നാണ് മലവെള്ളപ്പാച്ചിലിൽ നിന്നു രക്ഷപ്പെട്ടത്.
മുന്പു പാതാറിനു മുകളിലുള്ള വാളംകൊല്ലി മലയിൽ ഉരുൾപൊട്ടി അഞ്ചു പേർ മരിച്ചിരുന്നു. ഇവിടെ വീണ്ടും ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണം. മിറച്ചായിരുന്നെങ്കിൽ കവളപ്പറയിലേതിനേക്കാൾ വൻ ദുരന്തം ഇവിടെ സംഭവിക്കുമായിരുന്നു.
ഇലവനാംകുഴി ജോർജ്കുട്ടി, പുതിയപീടിക ബാപ്പുട്ടി, പുതിയപീടിക നണി, മാവുങ്കൽ ഷിഹാബ്, മാവുങ്കൽ ഷെരീഫ്, മലാംകുണ്ട് വക്കയിൽ സതീശ്, വാക്കയിൽ ചന്ദ്രിക, അതിരുവീക്കിയിലെ പ്രദീപ്, നെല്ലിക്കാക്കുഴി ജോസഫ് എന്നിവരുടെ വീടുകളാണ് തകർന്നത്. ടൗണിലെ അങ്കണവാടി, മസ്ജിദും അതിനോടു ചേർന്നുള്ള കെട്ടിടവും, മാവുങ്കൽ ഷെരീഫ്, പ്രസാദ്, കോഴിപ്പുറത്ത് രവി എന്നിവരുടെ സ്ഥാപനങ്ങൾ, രോഗബാധിതനായ സേവ്യറിനു നാട്ടുകാർ നിർമിച്ചു നൽകിയ പെട്ടിക്കട എന്നിവ തകർന്നു.
മലവെള്ളപ്പാച്ചിലിനെത്തുടർന്നു കുഴിവേലിൽ ബാബു, കുടിപാറയ്ക്കൽ തങ്കച്ചൻ, കണ്ണംകല്ലേൽ റോയി, മറ്റപ്പള്ളിൽ ജോസ്, കുറ്റിയിൽ വർഗീസ് എന്നിവരുടെ വീടുകളിലാണ് നൂറോളംപേർ അഭയം തേടിയത്. എണ്പതോളം വീടുകളാണ് ഈ മേഖലയിലുള്ളത്. ഇവയൊന്നും സുരക്ഷിതമല്ല. ദുരന്തം നേരിട്ടു കണ്ട കുട്ടികൾ ഉറക്കത്തിൽ നിന്നു ഞെട്ടിയുണരുകയാണ്. 1994-ജൂലൈ പതിനഞ്ചിന് വാളംകൊല്ലി മലയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിന്റെ ഇരുപത്തിയഞ്ചാം വാർഷികം കഴിയുന്പോഴാണ് അടുത്ത ദുരന്തം കുടിയേറ്റ ജനതയെ തളർത്തിയിരിക്കുന്നത്.