അത്താണി: ഇതു പത്താഴക്കുണ്ട് ഡാം. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെങ്കിലും അധികൃതരുടെ ശ്രദ്ധക്കുറവ് ഡാമിനെ പരിമിതികളിലേക്കു തള്ളിയിടുകയാണ്. വടക്കാഞ്ചേരി- അത്താണി റോഡിൽ നിന്നും അഞ്ച് കീലോമീറ്റർ ദൂരത്തുള്ള പത്താഴക്കുണ്ട് ഡാമിലെ ചോർച്ചയും പാലത്തിലെ ഗർത്തങ്ങളുമാണ് ഇപ്പോൾ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്.
പൂമല ഡാം ആണെന്ന് കരുതിയാണ് പലരും പത്താഴക്കുണ്ട് ഡാമിൽ എത്തുന്നത്. പൂർണ്ണമായും ജലസേചനമാണ് ഈ ഡാമിലൂടെ അധികൃതർ ലക്ഷ്യമിടുന്നതെങ്കിലും, ഡാമിലെ ചോർച്ച പരിഹരിക്കാനാകാത്തതിനാൽ പദ്ധതി നാശത്തിന്റെ വക്കിലാണ്. കാടുപിടിച്ചു കിടക്കുന്ന ഒരു വലിയ കെട്ടും അതിനിപ്പുറത്തെ വന്പൻ റിസർവോയറുമാണ് ഇവിടെയുള്ളത്. നിരവധി കുടുംബങ്ങളും ഡാമിന്റെ സമീപത്ത് താമസിച്ചുവരുന്നു. ഇതിന്റെ അടുത്താണ് കുറഞ്ചേരി മലനിരകൾ. കഴിഞ്ഞ വർഷം ഇവിടെ മലയിടിഞ്ഞ് പത്തുപേർ മരിച്ചിരുന്നു.
പൊതുവെ വേനൽക്കാലത്ത് വറ്റിവരണ്ടു കിടക്കാറുള്ള ഡാമിൽ മഴക്കാലമായിട്ടും വെള്ളമില്ല. ഡാമിലെ ചോർച്ചയാണ് പ്രധാന കാരണം. ഡാം നവീകരണത്തിനായി കഴിഞ്ഞ വർഷം മൂന്നുകോടി രൂപയാണ് അനുവദിച്ചതെങ്കിലും ചോർച്ച ഇതുവരെ പരിഹരിച്ചിട്ടില്ല. പൂമല ഡാമിൽ നിന്ന് മൂന്നു കിലോമീറ്റർ യാത്രചെയ്താൽ പത്താഴക്കുണ്ട് ഡാമിലെത്താം.
മുളങ്കുന്നത്തുകാവ്, മുണ്ടത്തിക്കോട്, തെക്കുംകര, വടക്കാഞ്ചേരി പഞ്ചായത്തുകളിലെ വലിയൊരു ഭൂപ്രദേശത്തെ കൃഷി, കുടിവെള്ളം ആവശ്യത്തിനു പൂർണമായും ആശ്രയിക്കുന്നത് 40 വർഷത്തെ പഴക്കമുള്ള ഈ ഡാമിനെയാണ്. മണ്ണ് കൊണ്ട് നിർമിച്ച ഡാമിന്റെ അറ്റകുറ്റ പണികൾക്ക് വേണ്ടി ഇതിനകം ചെലവഴിച്ച കോടികൾ വേണ്ടരീതിയിൽ ഉപയോഗിച്ചിരുന്നെങ്കിൽ പുതിയ ഒരു ഡാം തന്നെ പണിയൻ കഴിയുമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
തൃശൂർ ഗവ. മെഡിക്കൽ കോളജിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഇവിടെ നിന്നും വെള്ളം എത്തിക്കാനുള്ള നടപടികൾ ആലോചിച്ചിരുന്നുവെങ്കിലും ഡാമിന്റെ ഇപ്പോഴത്തെ ചോർച്ച പദ്ധതി പിൻവലിക്കാനാണ് സാധ്യത.ഡാം സേഫ്റ്റി കമ്മിഷന്റെയും വിദഗ്ധ സമിതിയുടെയും പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാലു വർഷമായി ഡാമിൽ അറ്റകുറ്റപ്പണികൾ തുടരുന്നുണ്ടെങ്കിലും, നവികരണ പ്രവർത്തികൾ ഇതു വരെ പൂർത്തിയാക്കാനായിട്ടില്ല.
ഡാമിന്റെ മുകളിലുളള റോഡ് തകർന്ന് സഞ്ചാര യോഗ്യമല്ലതയിരിക്കുകയാണ് പൂമല ഭാഗത്തുനിന്നും തെക്കുംക്കര, വടക്കാഞ്ചേരി, കുറഞ്ചേരി ഭാഗത്തേയ്ക്കുള്ള ഈ റോഡിലൂടെ യാത്ര ദുരിതപൂർണമാണെന്നു നാട്ടുകാർ ആരോപിക്കുന്നു. മഴ കനത്താൽ സഞ്ചാരികളുടെ വരവ് വർധിക്കും. പക്ഷെ നല്ലൊരു റോഡില്ലാത്ത സാഹചര്യം പത്താഴക്കുണ്ടിന്റെ ഭംഗി ആസ്വദിക്കാൻ എത്തുന്നവർക്കു ദുരിതമായിരിക്കുമെന്നും നാട്ടുകാർ പറയുന്നു.