വിഴിഞ്ഞം: തീരദേശ പോലീസിന് തലവേദനയായി മാറിയ ഇറാനിയൻ പത്തേമാരിയിൽ നിന്നും സർക്കാരിന് ലഭിക്കുന്നത് വൻ തുകയെന്ന് സൂചന. കാഴ്ചയിൽ പഴഞ്ചനെങ്കിലും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന പത്തേമാരിയിൽ ലക്ഷങ്ങൾ വിലവരുന്ന ആധുനിക എൻജിനുകളും പത്ത് ലക്ഷത്തിൽപ്പരം രൂപക്കുള്ള ഇന്ധനവും സ്റ്റോക്കുണ്ട്.
അപകടാവസ്ഥയിലായ പത്തേമാരിയിൽ നിന്ന് ഡീസൽ മാറ്റുന്നതിന്റെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫീസർ പ്രദീപിന്റെ മേൽനോട്ടത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ വൈകുന്നേരം വരെ ഊറ്റിയെടുത്തത് മൂവായിരത്തി അഞ്ഞൂറ് ലിറ്റർ ഡീസൽ.പതിനാറോളം ബാരലുകളിൽ നിറച്ച ഇന്ധനം സൂക്ഷിക്കാനായി തീരദേശ പോലീസ് സ്റ്റേഷൻ വളപ്പിൽ എത്തിച്ചു.
പത്തേമാരിക്കുള്ളിലുള്ളവൻ ഇന്ധന ശേഖരം പൂർണമായി മാറ്റണമെങ്കിൽ ഇനിയും രണ്ട് ദിവസമെങ്കിലും വേണ്ടിവരും. എകദേശം പതിനയായിരത്തോളം ലിറ്റർ ഡീസൽ ഉണ്ടാകുമെന്നാണ് പ്രഥമിക നിഗമനം. ഇതിന്സാധാരണ ഡീസലിനെക്കാൾ വിലകൂടുതലാണ് താനും. ജീവക്കാരായ പാക്, ഇറാനിയൻ പൗരന്മാരുമായി ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച് കറങ്ങിയ പത്തേമാരിയെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് തീരസംരക്ഷണ സേനയാണ് രണ്ട് വർഷം മുൻപ് പിടികൂടി വിഴിഞ്ഞത്തെത്തിച്ചത്.
തുടർന്ന് അന്വേഷണം ഏറ്റെടുത്ത എൻഐഎ സംഭവത്തിൽ ദുരൂഹതയൊന്നമില്ല എന്ന് കണ്ടെത്തിയതോടെ ജീവനക്കാർ അതാത് എമ്പസികൾ വഴി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ പത്തേമാരി ഉപേക്ഷിക്കപ്പെട്ട നിലയിലായി.നിലവിൽ എൻഐഎ കോടതിയുടെ അനുവാദത്തോടെ കണ്ടു കെട്ടി ലേലം ചെയ്യാൻ ഉദ്ദേശിക്കുന്ന പത്തേമാരിക്ക് അധികൃതർ നിശ്ചയിച്ച പ്രാരംഭ ലേലത്തുക തന്നെ പതിനേഴ് ലക്ഷമെന്നറിയുന്നു.
ലേലംപൂർണമാകുമ്പോൾ തുക വീണ്ടും കൂടും. കടൽകാറ്റും മഴയും കൊണ്ട് നങ്കൂരം തകർത്ത് ഒഴുകിയതിനെ തുടർന്ന് വാർഫിലിടിച്ചും ഭാഗികമായി തകർന്ന് കാണാൻ കൊള്ളാതായ കടൽയാനമാണ് സർക്കാർ ഖജനാവിന് ലക്ഷങ്ങൾ മുതൽക്കുട്ടായി നൽകുന്നത്.