കോഴിക്കോട്: പാലക്കാട് പോലീസിന്റെ പാതിരാ പരിശോധനയിൽ സിപിഎമ്മിനും ബിജെപിക്കുമെതിരെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സംഭവത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം മുസ്ലിയാരെ കാണുന്നതിനായി താൻ കോഴിക്കോട്ടേക്ക് വന്നിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.പോലീസ് റെയ്ഡിന്റെ വിവരം യൂത്ത് കോണ്ഗ്രസ് പ്രവർത്തകരാണ് ആദ്യം തന്നെ വിളിച്ചറിയിച്ചത്.
പിന്നീട് തനിക്കെതിരെ പരാതിയുണ്ടെന്ന് വാർത്ത കണ്ടപ്പോൾ പോലീസിനെ ബന്ധപ്പെട്ടു. ആ വാർത്ത തെറ്റാണെന്ന് പോലീസ് പറഞ്ഞു. ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാർട്ടിയും കെ. സുരേന്ദ്രന്റെ ബിജെപിയുമാണെന്നും പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.