‘സ്വന്തം ലേഖകൻ
തൃശൂർ: സംവിധായകൻ പ്രിയനന്ദനന്റെ പുതിയ സിനിമയായ പാതിരാക്കാലത്തിന്റെ പോസ്റ്ററിന് സെൻസർ ബോർഡിന്റെ വിലക്ക്. തോക്കിനു മുന്നിൽ നിസഹായനായി കുനിഞ്ഞിരിക്കുന്ന മനുഷ്യനെ ചിത്രീകരിച്ച പോസ്റ്ററാണ് അശ്ലീലം കലർന്ന പോസ്റ്ററാണെന്ന് സെൻസർബോർഡ് വിധിച്ചത്. ഈ പോസ്റ്റർ പൊതു ഇടങ്ങളിൽ ഒട്ടിക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കുകയും ഒട്ടിക്കില്ലെന്ന ഉറപ്പ് ചിത്രത്തിന്റെ പ്രവർത്തകരിൽ നിന്നും എഴുതി വാങ്ങുകയും ചെയ്തു.
നിരവധി പുസ്തകങ്ങളുടെ കവർ ഡിസൈനറും പ്രശസ്ത ആർട്ടിസ്റ്റുമായ വിനയലാലാണ് വളരെ സിംബോളിക്കായ ഈ പോസ്റ്റർ ഡിസൈൻ ചെയ്തത്. പോസ്റ്ററുകൾ പോലും സെൻസർ ചെയ്ത് വിലക്കുന്ന രീതി സിനിമയിൽ പുതിയതാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള വ്യക്തമായ കടന്നുകയറ്റമാണെന്നും പ്രിയനന്ദനൻ പ്രതികരിച്ചു. സിനിമയുടെ കഥാതന്തുവുമായി ബന്ധപ്പെട്ടാണ് പോസ്റ്റർ ഡിസൈൻ ചെയ്തതെന്നും സംവിധായകൻ പറഞ്ഞു. എന്നാൽ സിനിമയിൽ കാര്യമായ വെട്ടലുകൾ ഒന്നും ഉണ്ടായിട്ടില്ല.
സെൻസർ ബോർഡ് പോസ്റ്റർ വിലക്കിയെങ്കിലും നേരത്തെ തന്നെ അച്ചടിച്ച ബ്രോഷറുകളിലും മറ്റും ഈ ചിത്രമാണുള്ളത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇത് പ്രചരിക്കുന്നുമുണ്ട്. ചിത്രം പ്രദർശിപ്പിച്ച ഫിലിം ഫെസ്റ്റിവലുകളിലും ഈ പോസ്റ്റർ ഉപയോഗിച്ചിരുന്നു.
സെക്സി ദുർഗ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് റദ്ദാക്കിയ നടപടി വിവാദമാകുന്നതിനിടെയാണ് പാതിരാകാലത്തിന്റെ പോസ്റ്ററിന് വിലക്കേർപ്പെടുത്തിയ സെൻസർബോർഡ് ഉത്തരവെത്തുന്നത്. ഡിസംബർ 2,3 തീയതികളിൽ തൃശൂർ ഗിരിജ തിയേറ്ററിലാണ് പാതിരാക്കാലത്തിന്റെ ആദ്യ പ്രദർശനം.