കുമരകം: പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പക്ഷിക്ക് രക്ഷകരായി ദന്പതികൾ. വംശനാശ ഭീഷണി നേരിടുന്ന പാതിരാ കൊക്കിനെയാണു പരിക്കുകളോടെ ഇന്നലെ കുമരകം മറ്റിത്തറ കന്പിയിൽ നിബീഷും ഭാര്യ സോളിയും തങ്ങളുടെ വീടിന്റെ സമീപത്തുനിന്നു കണ്ടെത്തിയത്.
കാല് ഒടിഞ്ഞു നടക്കാനും പറക്കാനും കഴിയാത്ത പക്ഷിയെ നിബീഷ് വീട്ടിലെത്തിച്ച് സംരക്ഷണം നൽകുകയായിരുന്നു.
ഇരുവരും ചേർന്ന് പ്രഥമശുശ്രൂഷയും ആഹാരവും നൽകി പക്ഷിയെ പരിപാലിച്ചു. പക്ഷി പെട്ടെന്നുതന്നെ ഇവരുമായി ഇണങ്ങുകയും ചെയ്തു.
വീട്ടിലും പ്രദേശത്തും വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ മൃഗാശുപത്രിയിൽ എത്തിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. പക്ഷിയെ കിട്ടിയ വിവരം നിബീഷ് ഫോറസ്റ്റ് ഓഫീസിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ കുമരകത്ത് മാത്രം കണ്ടുവന്നിരുന്ന പാതിരാ കൊക്കുകൾ വംശനാശ ഭീഷണി നേരിടുകയാണെന്ന് പക്ഷിശാസ്ത്രഞ്ജനായ ഡോ. ശ്രീകുമാർ പറഞ്ഞു.
സംസ്ഥാനത്ത് പലസ്ഥലങ്ങളിലും ഇവ സഞ്ചരിക്കുമെങ്കിലും കൂടുകൂട്ടിയിരുന്നത് കുമരകത്താണ്. അതിനാൽ കുമരകം കൊക്ക് എന്നും ഇവ അറിയപ്പെടുന്നു.
രാത്രിയിൽ ഇര തേടുകയും പകൽ ഉറങ്ങുകയും ചെയ്യുന്നതിനാലാണ് ഇവയ്ക്കു പാതിരാ കൊക്കുകൾ എന്നു പേര് വന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇന്നെത്തി പക്ഷിയെ കൊണ്ടുപോകുമെന്ന് നിബീഷിനെ അറിയിച്ചിട്ടുണ്ട്.