മുഹമ്മ: പാതിരാമണൽ ദ്വീപിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. ദ്വീപിലെത്തുന്നവർക്ക് ബോട്ടിൽ നിന്ന് ഇറങ്ങാൻ ഉപയോഗിച്ചിരിന്ന റാമ്പ് ഇളക്കിയെടുത്ത് കായലിൽ എറിഞ്ഞു. നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ചു. 50 കരിക്ക്, കുപ്പിവെള്ളം എന്നിവയും കവർന്നു.
സോളാർ പാനൽ ഉദ്ഘാടനവേദിയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് നശിപ്പിച്ചു. കുട്ടികൾക്കായി സ്ഥാപിച്ച ഊഞ്ഞാലുകൾ കഴിഞ്ഞദിവസം നശിപ്പിച്ചിരുന്നു. ദ്വീപിൽ നടപ്പാക്കുന്ന ടൂറിസം വികസന പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മുഹമ്മ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ കുറവാണെങ്കിലും ദ്വീപിൽ ടൂറിസ്റ്റുകളുടെ വലിയ തിരക്കാണ്. അവധി ദിവസങ്ങൾ ആഘോഷിക്കാൻ ആയിരക്കണക്കിന് ആൾക്കാർ എത്തുന്നു.കുട്ടികളുടെ പാർക്കിന്റെ പൂർത്തികരണത്തോടെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുട്ടികളുടെ പാർക്കിന്റെ നിർമാണവസ്തുക്കളും സോളാർ പാനലുകളും കായിപ്പുറത്ത് സൂക്ഷിച്ചിരിക്കയാണ്. ദ്വീപിൽ സെക്യൂരിറ്റിയെ നിയോഗിച്ച ശേഷമെ ഇവ ദ്വീപിൽ എത്തിക്കുകയുള്ളൂ. ദ്വീപിന്റെ സുരക്ഷ ഉറപ്പാക്കാൻ കാമറകൾ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്. സുസജ്ജമായ രീതിയിൽ കാമറകൾ സ്ഥാപിച്ചാൽ ദ്വീപിന്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
100 ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന ദ്വീപ് ഇന്ന് 80 ഏക്കറോളമായി ചുരുങ്ങി. മണ്ണെടുപ്പ് വർധിക്കുന്നത് തടയാൻ സംവിധാനമില്ലാത്തതാണ് കാരണം. വലിയ ജലയനങ്ങളിൽ വന്നാണ് ദ്വീപിൽനിന്ന് മണ്ണെടുക്കുന്നത്. ദ്വീപിലെ വിലപിടിപ്പുള്ള വൃക്ഷങ്ങളും കവർന്നുതീർന്നു. ദ്വീപിന് ചുറ്റും ആറ് അടി വീതിയിൽ കരിങ്കൽച്ചിറ കെട്ടി സ്ഥാപിച്ചിരുന്ന നടപ്പതയും ഇന്ന് ഓർമമാത്രമാണ്.
മുഹമ്മ പഞ്ചായത്തിനൊപ്പം സമീപ പഞ്ചായത്തുകളിലും വികസന മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നതാണ് പാതിരാമണൽ വികസനം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി അഞ്ചരക്കോടി ചെലവിൽ നടപ്പാക്കാനുദ്ദേശിച്ച ഇക്കോ ടൂറിസം പദ്ധതി ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ ദ്വീപിനെ അണിയിച്ചൊരുക്കാൻ ആവിഷ്കരിച്ചിരുന്നു. എന്നാൽ, പദ്ധതികൾ എല്ലാം പാതിവഴിയിൽ മുടങ്ങുകയായിരുന്നു.