മുഹമ്മ: ഐതിഹ്യപ്പെരുമ പേറുന്ന ദ്വീപാണ് മുഹമ്മ പഞ്ചായത്തിലെ പാതിരാമണൽ. ആലപ്പുഴയുടെ ടൂറിസം വികസനത്തിൽ നാഴികക്കല്ലായി മാറേണ്ട ഈ പച്ചത്തുരുത്തിന്റെ ഉത്ഭവത്തെ കുറിച്ചുള്ള കഥ കൗതുകമുണർത്തുന്നതാണ്.
100 ഏക്കറോളം വിസ്ത്രൃതിയുള്ള ദ്വീപ് ഒരു ദിവസം രാത്രി കായൽ മധ്യത്തിൽ ഉയർന്നു വന്നു വെന്നാണ് വിശ്വാസം. പാതിരാവിൽ ഉയർന്നു വന്ന ദ്വീപ് അയതിനാലാണ് പാതിരാമണൽ എന്ന പേരുണ്ടായത്. ഐതിഹ്യ പുരുഷനായ വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ട കഥയാണ് ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ളത്.
കഥ ഇങ്ങനെ: ഒരിക്കൽ ജലമാർഗം വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ സ്വാമിയാർ ദർശനത്തിനു ശേഷം തിരുവനന്തപുരത്തേക്ക് വേന്പനാട്ടു കായലിലൂടെ വള്ളത്തിൽ തിരികെ മടങ്ങുന്ന വഴി മുഹമ്മ കായലിൽ എത്തി.
സ്വാമിയാർ മുഹമ്മയിൽ എത്തുന്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. ഈ സമയം സ്വാമിയാർക്ക് മൂത്രശങ്ക ഉണ്ടായി എന്നും കരപ്രദേശം അകലെ ആയതിൽ ആശങ്കപ്പെടുകയും ചെയ്തു. തുടർന്ന് തുഴച്ചിൽകാരനോട് കായലിൽ നിന്ന് മണ്ണ് കോരി നൽകാൻ ആവശ്യപ്പെട്ടു. വള്ളക്കാരൻ കഴുക്കോൽ ഉപയോഗിച്ച് മണ്ണ് ശേഖരിച്ച് നൽകി. മണ്ണ് കൈകളിൽ എടുത്ത സ്വാമിയാർ അൽപ്പനേരം ധ്യാനിച്ചു നിന്നു. തുടർന്ന് മണ്ണ് കായലിലേക്ക് എറിഞ്ഞുവെന്നും മണ്ണ് വീണ ഭാഗം മണൽ പരപ്പായി ഉയർന്നു വന്നുവെന്നുമാണ് വിശ്വാസം.
ഈ മണൽ പരപ്പിൽ മൂത്രശങ്കതിർത്ത ശേഷം സ്വാമിയാർ യാത്ര തുടർന്നു. പുലർച്ചെ മുഹമ്മക്കാർ കാണുന്നത് കായൽ മധ്യത്തിൽ ഉയർന്നു നിൽക്കുന്ന വിശാലമായ മണൽ പരപ്പാണ്. നാട്ടുകാർ പുതുതായി രൂപപ്പെട്ട ദ്വീപിന് പാതിരാമണൽ എന്ന് പേരിട്ടു. പാതിരാവിൽ ഉയർന്നു വന്ന മണൽപരപ്പ് ആയതിനാലാണ് പാതിരാമണൽ എന്ന് പേര് വീണത്.
ജില്ലയുടെ ടൂറിസം വികസനത്തിൽ ഏറെ സംഭാവന നൽകാൻ കഴിയുന്ന പാതിരാമണൽ ഇന്ന് അവഗണനയുടെ തുരുത്താണ്. ദ്വീപിൽ അടിസ്ഥന സൗകര്യങ്ങൾ ഒരുക്കിയാൽ സ്വദേശീയരും വിദേശീയരുമായ ടൂറിസ്റ്റുകൾ ഇവിടം തവളമാക്കും. എന്നാൽ ദ്വീപിനെ അണിയിച്ചൊരുക്കുന്നതിൽ അലംഭാവം കാണിക്കുകയാണ് അധികൃതർ.
ആലപ്പുഴ, കോട്ടയം മേഖലകളിൽ നിന്നുള്ള ടൂറിസ്റ്റുകൾ ഇവിടെ എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മടങ്ങുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിൽപനശാലകളോ, വിശ്രമകേന്ദ്രങ്ങളോ ഇവിടെയില്ല. കുടിവെള്ളം വരെ സഞ്ചാരികൾ കൊണ്ടുവരണം. മുഹമ്മയുടെയും സമീപ പഞ്ചായത്തുകളുടെയും വികസനത്തിൽ ഗണ്യമായ പങ്ക് വഹിക്കാൻ കഴിയുന്ന ദ്വീപാണ് പാതിരാമണൽ. എന്നാൽ നാടിന്റെ പ്രതീക്ഷകൾക്കൊത്ത് ജനപ്രതിനിധികളുടെ മനസ് ഉയരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.