കുമരകം: പാതിരാത്രി ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ അജ്ഞാതസംഘത്തിന്റെ അഴിഞ്ഞാട്ടം. കഴിഞ്ഞരാത്രി കാറിനും സ്റ്റുഡിയോയ്ക്കും ഹോട്ടലിനും നേരേ കല്ലേറുണ്ടായി. ചെങ്ങളം വായനശാലാ കവലയിൽ കാറും സ്റ്റുഡിയോയും എറിഞ്ഞുതകർത്തപ്പോൾ കുമരകം പള്ളിച്ചിറയിൽ ഹോട്ടലിനു നേരേയാണ് കല്ലേറുണ്ടായത്. ഇല്ലിക്കൽ കവലയ്ക്കു സമീപം പെട്ടിഓട്ടോയുടെ മുൻവശത്തെ ഗ്ലാസും അക്രമികൾ എറിഞ്ഞുതകർത്തു.
ഇന്നലെ അർധരാത്രി 12.45-ന് കുമരകം പള്ളിച്ചിറയിലുള്ള ചെല്ലിപറന്പിൽ ബിജുമോന്റെ ദമാം ഹോട്ടലിനു നേരേയാണ് ആദ്യ ആക്രമണം. ഹോട്ടലിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഹോട്ടലിലെ ജീവനക്കാർ ഉറങ്ങുന്നതിനു മുൻപായിരുന്നു ആക്രമണം. ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. ചെങ്ങളം വായനശാലാ കവലയിലാണ് പിന്നീട് അക്രമം അരങ്ങേറിയത്. ഇവിടെയുള്ള വൃന്ദാവനം സ്റ്റുഡിയോയുടെ ഡിജിറ്റൽ ബോർഡ് തകർത്തു. സോഡാകുപ്പി, ഇഷ്ടിക, കല്ല്, മുള തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം.
ചെങ്ങളം മണ്ണാന്തറ പുഷ്പദാസിന്റെ (അനിയൻ) മാരുതി ഓമ്നി കാറിന്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞു തകർത്തു. സോഡാകുപ്പികളും കല്ലും കാറിൽ കണ്ടെത്തി. അർധരാത്രി വലിയ ശബ്ദം കേട്ട് പുഷ്പദാസിന്റെ ഭാര്യ സുശീല ഉണർന്ന് പുറത്തെ ലൈറ്റ് തെളിച്ചപ്പോൾ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. കുമരകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.