കൊച്ചി: തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സ്വീകരിക്കുന്നതിലും തള്ളുന്നതിലും റിട്ടേണിംഗ് ഓഫീസര്‍മാര്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്. അനില്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം തേടി. ജസ്റ്റീസ് എന്‍. നഗരേഷാണ് ഹര്‍ജി പരിഗണിക്കുന്നത്.
പത്രികയിലെ പിഴവുകളും തെറ്റുകളും തിരുത്താന്‍ ഏകീകൃത നിലപാടു വേണമെന്നും ഇലക്ഷന് നിയമങ്ങള്‍ ശരിയായ അര്‍ഥത്തില്‍ പാലിക്കപ്പെടണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി പത്രിക നല്കിയ നിവേദിത സുബ്രഹ്മണ്യന് ഒപ്പം നല്കിയ ഫോം ബിയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. സൂക്ഷ്മ പരിശോധനാ ദിവസം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഒപ്പിട്ട ഫോം ബി ഹാജരാക്കിയെങ്കിലും സ്വീകരിച്ചില്ല.
തലശേരിയിലെ ബിജെപി സ്ഥാനാര്‍ഥി എന്‍. ഹരിദാസന് നല്കിയ പത്രിക ഫോം എയില്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണു നിരസിച്ചത്. പോരായ്മ പരിഹരിക്കാന്‍ ഒരുമണിക്കൂര്‍ സമയം സ്ഥാനാര്‍ഥി തേടിയെങ്കിലും അനുവദിച്ചില്ല.
അതേസമയം പിറവം മണ്ഡലത്തിലെ റോബിന് മാത്യുവെന്ന സ്ഥാനാര്‍ഥിക്കു സമാനമായ പിഴവുകള്‍ തിരുത്താന്‍ റിട്ടേണിംഗ് ഓഫീസര്‍ സമയം നല്‍കിയെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഇത്തരത്തില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 18 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.