ചേര്‍ത്തല: പാതിവില തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന മുഖ്യപ്രതി അനന്തുകൃഷ്ണനെ രണ്ടുദിവസത്തേക്ക് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍വിട്ടു. പൂച്ചാക്കല്‍ സ്റ്റേഷനില്‍ പാണാവള്ളി സ്വദേശിയായ അഡ്വ. പി.എം. റാഹില നല്കിയ പരാതിയില്‍ രജിസ്റ്റര്‍ചെയ്ത കേസിന്റെ നടപടിയുടെ ഭാഗമായാണ് ഇയാളെ ചേര്‍ത്തല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി -രണ്ട് ജഡ്ജ് എ.ആമിനക്കുട്ടി മുമ്പാകെ ഹാജരാക്കിയത്.
പാതിവിലയ്ക്ക് സ്കൂട്ടര്‍ നല്‍കാമെന്ന പേരില്‍ സ്ത്രീകളില്‍ നിന്നും 54,000 മുതല്‍ 60,000 വരെ വാങ്ങിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ മേയ്മാസത്തിലാണ് ചേര്‍ത്തല താലൂക്കില്‍ ഗുണഭോക്താക്കള്‍ സ്കൂട്ടറിനായി പണം നല്‍കിയത്.
എട്ടുമാസം പിന്നിട്ടിട്ടും സ്കൂട്ടര്‍ ലഭിക്കാതെ വന്നതോടെയാണ് പരാതികളുയര്‍ന്നത്. പൂച്ചാക്കലില്‍ ഇയാള്‍ക്കെതിരെ 750 ഓളം പരാതികളാണ് നിലവിലുളളത്. ഇതിന്റെയെല്ലാം തെളിവെടുപ്പിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കിയത്.
പൂച്ചാക്കല്‍ സ്റ്റേഷനിലെ കേസ് പ്രധാനമാക്കി ഫണ്ട് എങ്ങോട്ടാണു പോയതെന്നും എന്‍ജിഒ സംഘടനയുടെ പങ്കുമാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് സംസ്ഥാന ക്രൈബ്രാഞ്ച് ഡിവൈഎസ്പി എ.സുനില്‍രാജ് പറഞ്ഞു. ഇതിനൊപ്പം സാമ്പത്തികതട്ടിപ്പ് അന്വേഷണ വിഭാഗവും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
ഡിവൈഎസ്പി എ. സുനില്‍രാജ്, എസ്ഐ സുബി ചാക്കോ, എഎസ്ഐ ലിസി, സിപിഒ അരുണ്‍രാജ് എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയിലെ കേസുകള്‍ അന്വേഷിക്കുന്നത്.