കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന് സ്കൂട്ടര്‍ ഷോറൂമുകളില്‍നിന്നും കമ്മീഷന് ഇനത്തില്‍ പണം കൈപ്പറ്റിയിരുന്നതായി വിവരം. ഒരു സ്കൂട്ടറിന് 5,000 രൂപ വീതമാണ് കൈപ്പറ്റിയത്. ഈയിനത്തില്‍ മാത്രം ഏഴ് കോടിരൂപയിലധികം അനന്തുവിന് ലഭിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കും മറ്റും ഇതില്‍ നിന്നാണ് പണം നല്‍കിയതെന്നും വിവരമുണ്ട്.
അതേസമയം അനന്തുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്നും, വിവിധയിടങ്ങളിലെ പരിശോധനകളില്‍നിന്നും ലഭിച്ച വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ അനന്തുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയിരുന്നവരെയും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ പരാതിക്കാരില്‍നിന്നും വിവരങ്ങള്‍ രേഖപ്പെടുത്തും.
ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ആനന്ദകുമാറിന് രണ്ട് കോടി രൂപ നല്‍കിയതായി കേസില്‍ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണന് വെളിപ്പെടുത്തിയിരുന്നു.
ഇതിനു പുറമേ ഒരോമാസവും ആനന്ദകുമാറിന് 10 ലക്ഷം രൂപ നല്‍കിയിരുന്നതായും അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളുടെ ബങ്ക് വിവരങ്ങള്‍ പരിശോധിച്ച ശേഷം അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളിലേക്ക് ഇഡി കടക്കാനൊരുങ്ങുന്നത്.
കേസുമായി ബന്ധപ്പെട്ട് ആനന്ദകുമാറിനെ ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ പരിശോധനകള്‍ക്ക് പിന്നാലെ ചോദ്യം ചെയ്യേണ്ടവരുടെ അടക്കം വിവരങ്ങള്‍ തയാറാക്കി വരികയാണ്. ആനന്ദകുമാറിന് പുറമേ അഡ്വ. ലാലി വിന്‍സെന്റിനെ വീണ്ടും ചോദ്യം ചെയ്തേക്കും.