കൊച്ചി: പാതിവില തട്ടിപ്പുകേസില് ആരോപണ വിധേയരായ രാഷ്ട്രീയ നേതാക്കളില്നിന്ന് മൊഴി രേഖപ്പെടുത്താന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളില്നിന്ന് ലഭിച്ച വിവരങ്ങളും, കോണ്ഗ്രസ് നേതാവ് അഡ്വ. ലാലി വിന്സെന്റിന്റെ മൊഴിയും ഉള്പ്പെടെ വിശദമായി പരിശോധിച്ച ശേഷം പട്ടിക തയാറാക്കും. ഇതിനുശേഷം നോട്ടീസ് നല്കി ഇവരെ വിളിപ്പിക്കാനാണ് ഇഡി നീക്കം.
കേസില് അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണനില്നിന്നും പണം കൈപ്പറ്റിയവര്ക്ക് പിന്നാലെയാണ് നിലവില് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം വിനിയോഗിച്ചത് എങ്ങനെയെന്ന് കണ്ടത്തുകയാണ് ലക്ഷ്യം. കള്ളപ്പണം വെളുപ്പിക്കല്, വിദേശത്തേക്ക് പണം കടത്തല് എന്നിവ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.
ആനന്ദകുമാറും സായിഗ്രാമും സംശയനിഴലില്
സായി ഗ്രാം ഗ്ലോബല് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര് കെ.എന്. ആനന്ദകുമാറും സായി ഗ്രാം ട്രസ്റ്റും സംശയനിഴലിലാണ്. തട്ടിപ്പ് സംബന്ധിച്ച് ആനന്ദകുമാറിന് അറിയാമായിരുന്നു എന്ന വിലയിരുത്തലിലാണ് ഇഡി.
ഇന്നലെ ആനന്ദകുമാറിന്റെ വീട്, ഓഫീസ് എന്നിവിടങ്ങളില്നിന്നും പരിശോധനയില് ഇഡി നിരവധി രേഖകള് പിടിച്ചെടുത്തു. പിടിച്ചെടുത്തവയില് എന്ജിഒ കോണ്ഫെഡറേഷനുമായി ബന്ധപ്പെട്ട അക്കൗണ്ട് വിവരങ്ങളും രജിസ്ട്രേഷന് രേഖകളും ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് വൈകാതെ കടക്കും.
വിവരങ്ങള് ക്രൈംബ്രാഞ്ചിന്റെ കൈയില്; ഇഡി കോടതിയെ സമീപിച്ചേക്കും
കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളടക്കം ക്രൈംബ്രാഞ്ച് അന്വേഷണസംഘം നേരത്തെ പരിശോധന നടത്തി പിടിച്ചെടുത്തിരുന്നു. ഇവ കോടതിയില് ഹാജരാക്കിയശേഷം മാത്രമേ ഇനി ഇഡിക്ക് ലഭിക്കൂ.
ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുള്ള ഇഡി നീക്കം. ഇന്നലെ ഇഡി നടത്തിയ വ്യാപക പരിശോധനയ്ക്കിടെ അനന്തുകൃഷ്ണന്റെ കടവന്ത്രയിലുള്ള സോഷ്യല് ബിവെഞ്ച്വേഴ്സ് സ്ഥാപനത്തിലും എത്തിയെങ്കിലും ക്രൈംബ്രാഞ്ച് പരിശോധന നടക്കുന്നതിനാല് പിന്മാറുകയായിരുന്നു.
അക്കൗണ്ടുകള് മരവിപ്പിച്ചു
പ്രതി അനന്തുകൃഷ്ണന്റെ അക്കൗണ്ടിലെ രണ്ട് കോടിയിലധികം രൂപയും ജനസേവ സമിതിയുടെ അക്കൗണ്ടിലെ 1.6 കോടി രൂപ, അഡ്വ. ലാലി വിന്സെന്റിന്റെ അക്കൗണ്ടിലെ ഒരു ലക്ഷത്തോളം രൂപയും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.