കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റിൽനിന്നും സാംസ്കാരിക പരിപാടിയിൽനിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും മറ്റ് അംഗങ്ങളും വിട്ടുനിന്നു. ശബരിമല യുവതീപ്രവേശ വിഷയത്തിൽ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടിനെതിരെ വിവിധ ഹൈന്ദവ സംഘടനകളിൽനിന്നു പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണു പരിപാടികളിൽനിന്ന് വിട്ടുനിന്നതെന്നു ആരോപണമുണ്ട്.
പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സ്പെഷൻ ബ്രാഞ്ചിനും വിവരം ലഭിച്ചിരുന്നു. ഒന്നാം ഉത്സവദിവസം കൊടിയേറ്റിനുശേഷം നിശ്ചയിച്ചിരുന്ന സാംസ്കാരികസമ്മേളനത്തിൽ മുഖ്യാതിഥി ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു. ചടങ്ങിനെത്തില്ലെന്ന് പ്രസിഡന്റും അംഗങ്ങളും സംഘാടകരെ അറിയിച്ചു.
എല്ലാ വർഷവും കൊടിയേറ്റ് ദിവസം നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ പതിവായി ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുക്കാറുണ്ടായിരുന്നു. ഇത്തവണ എത്തിയാൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ഹൈന്ദവ സംഘടനകളും.
ശബരിമല യുവതി പ്രവേശന പ്രശ്നത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ ഏറ്റുമാനൂരിൽ പ്രതിഷേധം ശക്തമായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് എം. പത്മകുമാർ ഇന്നലെ കോട്ടയത്തേക്കു തിരിച്ചെങ്കിലും വൈകുന്നേരത്തോടെ മടങ്ങിയിരുന്നു. ബോർഡ് അംഗം ശങ്കർദാസ് കോട്ടയത്തുണ്ടെങ്കിലും ക്ഷേത്രത്തിലെത്തിയില്ല.