പത്തനാപുരം: പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കും.തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണമാണ് തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുക.
തിങ്കളാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള വനംവികസന കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
ആറു മാസം മുൻപ് ഉത്തർപ്രദേശ് പോലീസ് പിടികൂടിയ തമിഴ്നാട് സ്വദേശികൾ പരിശീലനം നേടിയത് പാടത്തുനിന്നാണെന്ന് മൊഴി നൽകിയതും ജലാറ്റിൻ സ്റ്റിക്കുകൾ നിർമ്മിച്ചത് തമിഴ്നാട്ടിലാണെന്ന സൂചനകളും അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.
തീവ്രവാദ പ്രവർത്തനവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന സൂചനകളെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ഇതിനിടെ ഇവിടെ നിന്നും കണ്ടെടുത്ത ജലാറ്റിൻസ്റ്റിക് തമിഴ്നാട്ടിൽ നിർമ്മിച്ചതാണെന്ന് ബോധ്യപ്പെട്ടതായും ഇവിടേയ്ക്ക് ഇവ എത്തിയത് മൂന്നാഴ്ച്ച മുൻപാണെന്നും സൂചനകളുണ്ട്.
ജലാറ്റിൻ സ്റ്റിക്കുകൾ പാടത്ത് എത്തിയത് എങ്ങനെയെന്നും,ആരിലൂടെ എന്നതും അന്വേഷിക്കുകയാണ്. സംശയമുള്ള പ്രദേശവാസികളിൽ ചിലരെ ചോദ്യം ചെയ്തേക്കുമെന്നുമുള്ള സൂചനകളും ലഭിക്കുന്നുണ്ട്.
തീവ്രവാദ സ്വഭാവമുള്ള സംഘടനാ പ്രവർത്തകർ ഇവിടെ എത്തിയിരുന്നതായും,പ്രദേശവാസികൾ ഉൾപ്പെടെയുള്ള ചിലർക്ക് പരിശീലനം നൽകിയതായും വർഷങ്ങൾക്ക് മുൻപും ആരോപണമുയർന്നിട്ടുള്ളതാണ്.
തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയൻ കുമാർ ഗുരുഡിൻ ഇന്നലെ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി.
തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡി ഐ ജി അനൂപ് കുരുവിളയുടെ നിർദേശപ്രകാരം ഡി വൈ എസ് പി ജോസും ഇവിടെ എത്തിയിരുന്നു.വരുംദിവസങ്ങളിലും മേഖല കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാനാണ് അധികൃതരുടെ തീരുമാനം.
സ്ഫോടക വസ്തുക്കൾ ബോംബ് നിർമാണ പരിശീലനത്തിന് എത്തിച്ചതാണെന്ന് സൂചന
കൊല്ലം: പത്തനാപുരം വനമേഖലയിൽ കാണപ്പെട്ട സ്ഫോടക വസ്തുക്കൾ ബോംബ് നിർമാണ പരിശീലനത്തിന് കൊണ്ടുവന്നതാണെന്ന് സൂചന. മൂന്നാഴ്ച പഴക്കമുള്ള നോൺ ഇലക്ടിക്കൽ വിഭാഗത്തിൽപ്പെട്ട ഡിറ്റനേറ്ററുകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
ഇവയ്ക്ക് സ്ഫോടന ശേഷിയില്ലാത്തതിനാൽ ഇവ ബോംബ് നിർമാണ പരിശിലനത്തിന് എത്തിച്ചതാകാമെന്ന് അന്വേഷണ സംഘം കരുതുന്നു.
തീവ്രവാദ ബന്ധമുള്ളവരാണ് സ്ഫോടകവസ്തുക്കൾ എത്തിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പത്തനാപുരം പാടം വനമേഖലയിൽ ആയുധ പരിശീലനം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.