ടി.ജി.ബൈജുനാഥ്
അടിച്ചേൽപ്പിച്ച വിലക്കുകളുടെ കാലമൊക്കെ ധീരമായി മറികടന്ന് വീണ്ടുമൊരു വിനയൻ സിനിമ ഈ ഓണക്കാലത്ത് തിയറ്ററുകളിലെത്തുകയാണ്.
ചരിത്രം തമസ്കരിച്ച നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പോരാട്ടങ്ങളുടെ കഥ പറയുന്ന പത്തൊന്പതാം നൂറ്റാണ്ട്. അദ്്ഭുതദ്വീപിനു ശേഷം ചെയ്യാനാഗ്രഹിച്ച സിനിമയാണിതെന്നു വിനയൻ പറയുന്നു.
‘പതിനേഴു വർഷം മുന്പ് രണ്ടരക്കോടി ബജറ്റിൽ 300 കുഞ്ഞൻമാരെ വച്ച് വലിയ ഫ്രെയിമിൽ കാണിച്ച സിനിമയാണ് അദ്ഭുതദ്വീപ്.
അതിനുംമുന്പേ ഈ സിനിമയുടെ പ്ലോട്ട് മനസിലുണ്ടായിരുന്നു. ഇത്തരമൊരു പടം വലിയ കാൻവാസിൽ ചെയ്യാൻ ഗോകുലം ഗോപാലൻ എന്ന വലിയ പ്രൊഡ്യൂസർ മുന്നോട്ടു വന്നപ്പോഴാണ് അതിനു വഴിതെളിഞ്ഞത്.’
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പത്തൊന്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ പ്രസക്തിയെന്താണ്…?
ഈ നൂറ്റാണ്ടിൽ ഏറ്റവും പ്രസക്തിയുള്ള സബ്ജക്ടാണ് പത്തൊന്പതാം നൂറ്റാണ്ടിന്റെ കഥ. കാരണം, നവോത്ഥാന സമിതികളും നവോത്ഥാനത്തിനു വേണ്ടി വലിയ മുറവിളികളും നടക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണു നമ്മൾ പോകുന്നത്.
ശ്രീനാരായണഗുരുവിനു പോലും പ്രചോദനം നല്കിയ, അദ്ദേഹത്തിനും എത്രയോ വർഷം മുന്പ് ക്ഷേത്രപ്രതിഷ്ഠ നടത്തിയ ധീരനായ ഒരു പോരാളിയുടെ കഥയാണ് നമ്മൾ അവതരിപ്പിക്കുന്നത്.
ഇതു സ്ത്രീശാക്തീകരണത്തിന്റെ, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കഥ കൂടിയാണ്. സ്ത്രീകൾക്കെതിരേയുള്ള ബോഡി ഷെയ്മിംഗിനും ഡീമോറലൈസിംഗിനും ശക്തമായ പ്രതികരണങ്ങളുണ്ടാകുന്ന കാലഘട്ടമാണിത്.
സ്ത്രീയ്ക്ക് മാറുമറയ്ക്കാൻ, നഗ്നത മറയ്ക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് അതിനുവേണ്ടി പോരാടിയ വലിയ പോരാളിയുടെ കഥയാണിത്.
അധികാര വർഗത്തോടും പ്രമാണി വർഗത്തോടും ഏറ്റുമുട്ടാനും വേണ്ടിവന്നാൽ യുദ്ധം ചെയ്യാനും തയാറായ നായകനായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ.
ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥയുടെ തീപ്പൊരി എവിടെനിന്നാണ്…?
അന്പലപ്പുഴക്കാരനാണു ഞാൻ. ഇലക്്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്യുന്ന കാലത്ത് ഞങ്ങളുടെ സെക്്ഷനു കീഴിലായിരുന്നു എന്റെ തൊട്ടടുത്ത ഗ്രാമമായ ആറാട്ടുപുഴ.
കുട്ടിക്കാലം മുതലേ ഞാൻ കേട്ട കഥയാണ് ആറാട്ടുപുഴയിലെ വേലായുധപ്പണിക്കരുടേത്. തൊട്ടടുത്ത മറ്റൊരു ഗ്രാമമായ ചേർത്തലയിലെ മുലച്ചിപ്പറന്പും ഞാൻ കേട്ട കഥകളിലുണ്ട്.
അതേപ്പറ്റി അന്വേഷിച്ചപ്പോൾ സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി, മാറു മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി മാറ് മുറിച്ച് ആത്മാഹൂതി ചെയ്ത, മുലച്ചിപ്പറന്പിൽ ജീവിച്ചിരുന്ന ഒരു നങ്ങേലിയെക്കുറിച്ചും അറിഞ്ഞു.
ഇതു സിജു വിൽസനെ മനസിൽ കണ്ട് എഴുതിയ സിനിമയാണോ? മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ എന്നിവർ പിന്മാറിയതിനെത്തുടർന്നാണ് സിജു വിൽസണിലേക്ക് എത്തിയതെന്നു കേട്ടിരുന്നു. വാസ്തവമെന്താണ്?
ഏതെങ്കിലും താരത്തെ കണ്ടുകൊണ്ടല്ല ഞാൻ ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയത്. ഈ കഥാപാത്രത്തെക്കുറിച്ച് കേൾക്കുന്പോൾ ഒരു വടക്കൻ വീരഗാഥയിലെയൊക്കെ മമ്മൂട്ടിയെയാവും മനസിൽ വരിക.
പക്ഷേ, മമ്മൂക്കയ്ക്ക് ഇപ്പോൾ അതു ചെയ്യാൻപറ്റില്ല. കാരണം, വേലായുധപ്പണിക്കരുടെ നാല്പതു വയസിനോടു ചേർന്ന
കാലഘട്ടത്തിലാണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നത്.
സത്യത്തിൽ, ജയസൂര്യ ഉൾപ്പെടെ എന്റെ എല്ലാ സുഹൃത്തുക്കളോടും ഇതിന്റെ കഥയെക്കുറിച്ചു സംസാരിച്ചിരുന്നു. പിന്നെ, ഞാൻ തന്നെ കൊണ്ടുവന്ന നടനാണെങ്കിലും ജയസൂര്യയ്ക്ക് ഇണങ്ങുന്ന കഥാപാത്രമല്ല ഇത്. ഇതൊരു യോദ്ധാവിന്റെ ആക്്ഷൻ പായ്ക്ക് ത്രില്ലറാണ്.
പൃഥ്വിരാജിനോടും സംസാരിച്ചിരുന്നു എന്നതു സത്യമാണ്. ഇങ്ങനെയൊരു പടം ചെയ്യുന്പോൾ ഇപ്പോഴത്തെ സാഹചര്യത്തിൽ പൃഥ്വിരാജാണ് ആദ്യ ചോയ്സ്. ഇപ്പോൾ ഡേറ്റില്ല, അടുത്തവർഷം ചെയ്യാമെന്നാണ് പൃഥ്വി പറഞ്ഞത്.
അതു മാത്രമല്ല, ഈ വിഷയം സംസാരിക്കുന്ന സമയ ത്ത് പൃഥ്വിരാജിന്റെ ഫേസ് ബുക്ക് പേജിൽ വാരി യംകുന്നൻ എന്നൊരു ചിത്രം ചെയ്യാൻ പോകു ന്നതായി അനൗൺസ് ചെയ്തിരുന്നു. അതുകൊ ണ്ടായിരുന്നിരിക്കാം പൃഥ്വി പിന്മാറിയത്.
ഒരു കഥ ചെയ്യാമെന്നു തോന്നുകയും അതിനൊരു പ്രൊഡ്യൂസർ ഉണ്ടാവുകയും ചെയ്താൽ അതിനുവേണ്ടി ഒരാർട്ടിസ്റ്റിനു പിറകേ പോകുന്ന സ്വഭാവം എനിക്കില്ല.
‘വിനയൻ കൊണ്ടുവന്ന എത്രയോ പേർ ഇവിടെ വലിയ ആളുകളായി, പുതിയ ആളിനെ വച്ചു ചെയ്യൂ’ എന്ന് ഗോപാലേട്ടന്റെ ഫുൾ സപ്പോർട്ട്. അങ്ങനെ പുതിയ ആളുകളെ അന്വേഷിക്കുന്നതിനിടയിലാണ് എന്റെ അനുരാഗ കൊട്ടാരത്തിനു സ്ക്രിപ്റ്റെഴുതിയ എ.കെ.സാജൻ അടുത്തിടെ ചെയ്ത സിനിമയിൽ അഭിനയിച്ച സിജുവിൽസന്റെ കാര്യം പറഞ്ഞത്.
നല്ല പൊക്കമുണ്ട്, നല്ല നടനാണ്, മേക്കോവർ ചെയ്യുന്ന കാര്യം വിനയേട്ടൻ തീരുമാനിക്കൂ എന്ന് എ.കെ. സാജൻ.
ആ ദിവസങ്ങളിൽ കണ്ട സുരേഷ്ഗോപിയുടെ വരനെ ആവശ്യമുണ്ട് സിനിമയിലെ സിജു വിൽസന്റെ വേഷം എനിക്ക് ഇഷ്ടമായി. അങ്ങനെ സിജുവിനെ വിളിച്ചു സംസാരിച്ചു.
തനിക്ക് ഈ കാരക്ടർ തന്നാൽ താനിതു ജീവന്മരണ പോരാട്ടമായി കാണുമെന്ന് സിജു. ശരീരം പോരാളിയുടേതു പോലെ മാറ്റണമെന്ന് സിജുവിനോടു ഞാൻ പറഞ്ഞു.
മൂന്നു മാസങ്ങൾക്കു ശേഷം ധീരനായ ഒരഭ്യാസിയുടെ, പോരാളിയുടെ ശരീരവുമായി സിജു വന്നു. അന്നുമുതൽ കളരിപ്പയറ്റും കുതിരയോട്ടവുമൊക്കെ പരിശീലിച്ചു തുടങ്ങി.
ചരിത്രത്തെ പുനർവ്യാഖ്യാനിക്കുന്പോൾ സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ വിവാദമാകുമല്ലോ. മേക്കിംഗിലെ പ്രധാന വെല്ലുവിളി അതായിരുന്നോ.?
ചരിത്രത്തെ വളച്ചൊടിച്ചിട്ടൊന്നുമില്ല. വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകന്റെ ധീരതയും പോരാട്ടവുമാണ് ഈ സിനിമയുടെ അടിസ്ഥാനം.
ആ കാലഘട്ടത്തിലുണ്ടായിരുന്ന ബാക്കി കാര്യങ്ങളും പറയുന്നു എന്നേയുള്ളൂ. ഞാൻ ഇതിൽ നങ്ങേലിയെക്കൂടി കൊണ്ടുവന്നിട്ടുണ്ട്.
നങ്ങേലി 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നതല്ലാതെ കൃത്യമായ കാലഘട്ടം എങ്ങും പരാമർശിച്ചു കണ്ടിട്ടില്ല.
സാളഗ്രാമവും തിരുവാഭരണവും മോഷണക്കേസിൽ കൊച്ചുണ്ണിയും വേലായുധപ്പണിക്കരും ഏറ്റുമുട്ടിയതായും കൊച്ചുണ്ണിയെ പിടിച്ചു ജയിലിലിട്ടതു വേലായുധപ്പണിക്കരാണെന്നും പല പുസ്തകങ്ങളിലും പറയുന്നുണ്ട്.
എന്നാൽ, കൊച്ചുണ്ണിയുടെ മരണത്തെക്കുറിച്ചും കൃത്യമായ ഒരു തീയതിയില്ല. ഈ മൂന്നു കഥാപാത്രങ്ങളെയും ഒരു ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തോടെ തമ്മിൽ ബന്ധിപ്പിച്ചതാണ് ഞാനെടുത്ത ഏറ്റവും വലിയ റിസ്ക്ക്. പിന്നെ, ഇതിന്റെ രചനയ്ക്കെടുത്ത സമയവും. അതൊക്കെയാണ് ഏറ്റവും വലിയ ചലഞ്ച്.
ബ്രഹ്മാണ്ഡചിത്രമെന്ന രീതിയിലാണോ മേക്കിംഗ് ?
പാലക്കാടും കുട്ടനാടുമായിരുന്നു ലൊക്കേഷനുകൾ. നമ്മുടെ നാട്ടിൽ ചെയ്യാവുന്നതിന്റെ പരമാവധി ഞാൻ ചെയ്തിട്ടുണ്ട്. 40 കോടി ചെലവ ുള്ള ഈ സിനിമയിൽ, 100 കോടിയുടെ സിനിമകൾ കാണിച്ചതിന്റെ ഒരറ്റമൊക്കെ ഞാൻ കാണിച്ചിട്ടുണ്ട്. അന്പതിനടുത്ത് മെയിൻ ആർട്ടിസ്റ്റുകൾ, നൂറിനടുത്ത് ചെറിയ ആർട്ടിസ്റ്റുകൾ, പല ദിവസങ്ങളിലായി നാല്പതിനായിരത്തിനടുത്ത് ജൂണിയർ ആർട്ടിസ്റ്റുകൾ ഈ സിനിമയുടെ ഭാഗമായി.
കയാദു, ദീപ്തി സതി, പൂനം ബജ്്വ, ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഞാൻ അവതരിപ്പിച്ച രേണു സുന്ദർ, വാണിവിശ്വനാഥിന്റെ സഹോദരിയുടെ മകൾ വർഷ, ജോസഫ് ഫെയിം മാധുരി ബ്രജാൻസ..തുടങ്ങി ധാരാളം അഭിനേത്രികളുമുണ്ട്.
നമ്മുടെ കൈയിലൊതുങ്ങുന്ന നമ്മുടെ നാട്ടിലെ പ്രതിഭാധനരായ ടെക്നീഷന്മാരാണ് പിന്നണിയിൽ. എന്റെ അദ്ഭുതദ്വീപ്, വെള്ളിനക്ഷത്രം, സത്യം മുതലായ പടങ്ങളും പുലിമുരുകനും ചെയ്ത ഷാജികുമാറാണ് കാമറാമാൻ.
ഒരു കാലഘട്ടത്തെ പുനഃസൃഷ്ടിച്ചതു കലാസംവിധായകൻ അജയൻ ചാലിശേരി. എഡിറ്റിംഗ് വിവേക് ഹർഷൻ. മേക്കപ്പ് പട്ടണം റഷീദ്. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. ബാക്ക് ഗ്രൗണ്ട് സ്കോറിംഗ് സന്തോഷ് നാരായണൻ. മ്യൂസിക് എം. ജയചന്ദ്രൻ.
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സപ്പോർട്ട്…?
തുടക്കത്തിൽ മോഹൻലാലിന്റെ ശബ്ദത്തിൽ വേലായുധപ്പണിക്കരെ അവതരിപ്പിക്കുകയും സിനിമയുടെ അവസാനം മമ്മൂക്കയുടെ ശബ്ദത്തിൽ അതിതീക്ഷ്ണമായ ആ കാലഘട്ടത്തെക്കുറിച്ച് ഒരു നറേഷൻ കൊടുക്കുകയും ചെയ്താൽ നന്നായിരിക്കുമെന്ന് ഇരുവരെയും അറിയിച്ചു. എവിടെയാണ്, എപ്പോഴാണു വരേണ്ടത് നമുക്കു ചെയ്യാമല്ലോ എന്നു സന്തോഷത്തോടെയായിരുന്നു മോഹൻലാലിന്റെ മറുപടി.
എന്താണു താൻ പറയേണ്ടതെന്ന് എഴുതി അയച്ചാൽ മതിയെന്നാണ് മമ്മൂക്ക വളരെ സ്നേഹത്തോടെ പറഞ്ഞത്.
ചരിത്രവും ചില സംഭവങ്ങളും.. എന്നതിനപ്പുറം കൃത്യമായ ഒരു കഥ പറയുന്ന സിനിമയാണോ..?
തീർച്ചയായും. വെറുതെയൊരു ചരിത്രസിനിമയല്ല ഇത്. കുഞ്ഞാലിമരയ്ക്കാർ, പഴശിരാജ, കായംകുളം കൊച്ചുണ്ണി എന്നൊക്കെ കേൾക്കുന്പോൾ നമുക്കറിയാവുന്ന നമ്മൾ വായിച്ചിട്ടുള്ള ചരിത്ര നായകന്മാരുടെ ബായ്ക്കിംഗ് അതിലുണ്ട്.
വേലായുധപ്പണിക്കർ എന്നു പറഞ്ഞാൽ പലർക്കുമറിയില്ല. വോയ്സ് ഓവറിനു വിളിക്കുന്പോൾ മോഹൻലാൽ എന്ന വലിയ ആർട്ടിസ്റ്റിനുപോലും വേലായുധപ്പണിക്കർ ആരാണെന്ന് അറിയില്ലായിരുന്നു. അങ്ങനെയൊരു ചരിത്രനായകനെ അവതരിപ്പിക്കുന്പോൾ അതു കാണാൻ ജനങ്ങൾക്കു കുറച്ചുകൂടി താത്പര്യമുണ്ടാവും. പുതിയൊരു കഥയായിരിക്കും അവരുടെ മുന്നിലേക്കു വരിക.
മോഹൻലാലുമൊത്തു സിനിമ ചെയ്യുന്നതായി കേട്ടിരുന്നു..?
തീർച്ചയായും 2023 ൽ മോഹൻലാലുമൊത്ത് സിനിമ ചെയ്യും. വിലക്കുകളെ തുടർന്ന് ലാലിന്റെ നല്ല സമയത്ത് ഒരു സിനിമ ചെയ്യാൻ പറ്റിയില്ല എന്നതു ദുഃഖകരമായ കാര്യമാണ്. ഇനി ചെയ്യുന്പോൾ മാസ് സിനിമ തന്നെ ചെയ്യണമെന്നാണ് ആഗ്രഹം. അതിനു പറ്റിയ കഥ ചർച്ചകളിലാണ്.
‘ഭീമൻ’ എന്നൊരു വലിയ സിനിമ ചെയ്യുന്നതായി പറഞ്ഞുകേട്ടു. അതിന്റെ വാസ്തവമെന്താണ്?
അങ്ങനെയൊരു പ്രോജക്ടും മനസിലുണ്ട്. മഹാ ഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാ പാത്രമാണു ഭീമൻ. ഭീമനെ കേന്ദ്രകഥാപാത്ര മാക്കി പാൻ ഇന്ത്യൻ ലെവലിലുള്ള വലിയൊരു സിനിമ മനസിലുണ്ട്.
അത് എല്ലാ ഭാഷകളിലെ യും ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിയാവും ചെയ്യു ന്നത്. 100 കോടിക്കകത്തു ചെലവു വരുന്ന വലിയ ചിത്രമായിരിക്കും അത്. അതിന്റെ ചർച്ച കളും നടക്കുന്നുണ്ട്.
പാൻ ഇന്ത്യൻ സിനിമകളാണ് തിയറ്ററുകളിൽ വിജയിക്കുന്നതിൽ ഏറെയും. അത്തരം സിനിമകൾക്കു മാത്രമാണോ ഇനി സാധ്യത..?
അതൊരു സത്യസന്ധമായ കാര്യമാണ്. വാസന്തിയും കരുമാടിക്കുട്ടനും പോലെയുള്ള സിനിമകൾക്കല്ല ഇന്നു പ്രിയം. വലിയ ഫ്രെയിമുകളും ചെറുപ്പക്കാരെ ഞെട്ടിക്കുന്ന വിഷ്വലുകളും ശബ്ദസാന്നിധ്യവുമൊക്കെ കൊടുത്തു പടമെടുത്താൽ നമ്മുടെ സിനിമയും മറ്റു സംസ്ഥാനങ്ങളിലും കളിക്കും.
ആ റവന്യൂ കൊണ്ട് ചെലവ് കവർഅപ് ചെയ്യാം. ഇനി, ഞാനും വലിയ പടങ്ങൾ ചെയ്യാനാണ് കൂടുതലും ആഗ്രഹിക്കുന്നത്.