സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മൂന്നു നാമ നിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയ സംഭവം രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. ബിജെപി ഏതെങ്കിലും മുന്നണിയെ സഹായിക്കാന്‍ വേണ്ടി നടത്തിയ ഒത്തുകളിയാണോയെന്നാണ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്.
ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രഹസ്യാന്വേഷണ വിഭാഗം റേഞ്ച് എസ്പിമാര്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നു മുന്നണികളുടേയും നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളും മറ്റും അടിസ്ഥാനമാക്കിയാണിപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന വിഷയമാണ് പത്രികാസമര്‍പ്പണം. പത്രികകള്‍ തയാറാക്കുന്നതിനും സമര്‍പ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ മുന്നണികള്‍ പുലര്‍ത്താറുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണയുണ്ടായിട്ടും ബിജെപിയുടെ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് ദുരൂഹമാണ്.
ഒത്തുകളി ആരോപിച്ച് സിപിഎമ്മും കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്.ഇതിനിടെയാണ് സര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. തലശേരി, ഗുരുവായൂര്‍, ദേവികുളം, മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്.
ഗുരുവായൂരില്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പുറത്തായത് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനാണ്. ശോഭ സുരേന്ദ്രനെ ഒഴിവാക്കി തെരഞ്ഞെടുപ്പ് സമിതിയില്‍ നിയോഗിക്കപ്പെട്ട നിവേദിതയുടെ പത്രിക തള്ളിയത് ഗുരുവായൂരില്‍ ബിജെപിക്ക് കനത്ത വീഴ്ചയാണ്. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ പത്രികയാണ് തലശേരിയില്‍ നിരസിക്കപ്പെടുന്നത്.