കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനായി പത്രിക സമര്‍പ്പിക്കാന്‍ വരുന്നവര്‍ ആളെക്കൂട്ടി വരേണ്ടെന്ന് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള നിര്‍ദേശം.
തിരക്ക് ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പത്രിക സമര്‍പ്പണത്തിന് എത്താവൂ എന്നും ഇന്നലെ പുറത്തുവിട്ട മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
ഒരു സമയം ഒരു സ്ഥാനാര്‍ഥിയുടെ ആളുകള്‍ക്ക് മാത്രമേ പത്രിക സമര്‍പ്പിക്കുന്ന ഹാളില്‍ പ്രവേശനം അനുവദിക്കൂ. സ്ഥാനാര്‍ത്ഥിയോ നിര്‍ദ്ദേശകനോ ഉള്‍പ്പടെ മൂന്നു പേരില്‍ കൂടാന്‍ പാടില്ല.
ഹാളില്‍ പ്രവേശിക്കുന്നതിനു മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം. പത്രിക സമര്‍പ്പിക്കുന്നയാള്‍ സാമൂഹ്യ അകലം പാലിക്കുകയും മാസ്ക് ധരിച്ചിരിക്കുകയും വേണം.
പത്രിക സമര്‍പ്പിക്കാന്‍ വരുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഒരു വാഹനം മാത്രമേ അനുവദിക്കൂ. സ്ഥാനാര്‍ഥിയോടൊപ്പം ആള്‍ക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല.
കണ്ടെയ്ന്മെന്റ് സോണുകളിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ മുന്‍കൂട്ടി അറിയിച്ച് വേണം നോമിനേഷന് സമര്‍പ്പിക്കാന്‍ ഹാജരാകേണ്ടത്. ഇവര്‍ക്കായി സമയം അനുവദിക്കുന്നതും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതുമാണ്.
സ്ഥാനാര്‍ഥി കോവിഡ് പോസിറ്റീവ് ആണെങ്കിലോ ക്വാറന്റൈനില്‍ ആണെങ്കിലോ പത്രിക നിര്‍ദ്ദേശകന്‍ മുഖാന്തിരം സമര്‍പ്പിക്കാവുന്നതാണ്. വരണാധികാരിക്കോ സഹവരണാധികാരിക്കോ ആണ് പത്രിക സമര്‍പ്പിക്കേണ്ടത്.
തിരക്ക് ഒഴിവാക്കുന്നതിനായി സമയം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയാണ് പത്രികകള്‍ സ്വീകരിക്കുക.
വരണാധികാരിയുടെ ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സൂക്ഷ്മ പരിശോധന നടക്കും. സൂക്ഷ്മ പരിശോധന നടക്കുന്ന വേളയില്‍ ഓരോ വാര്‍ഡിലെയും സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശകര്‍ക്കും ഏജന്റുമാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ.
പരമാവധി 30 പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. സാമൂഹ്യ അകലം പാലിച്ചായിരിക്കും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക.ഡിസംബര്‍ പത്തിനു നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് 12 മുതല്‍ 19 വരെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
20 നാണ് സൂക്ഷമ പരിശോധന. 12ന് വരണാധികാരികള്‍ ഓരോ തദ്ദേശ സ്ഥാപനത്തിനും ഓരോ വാര്‍ഡിനുമുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. തുടര്‍ന്ന് സ്ഥാനാര്‍ഥികള്‍ക്ക് പത്രികകള്‍ സമര്‍പ്പിക്കാം.