ടിജോ കല്ലറയ്ക്കൽ
മഞ്ഞപ്ര: മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെപ്പോലെ അത്ര തിളക്കമുള്ളതല്ല പത്രോസിനു ജീവിതം. എങ്കിലും വൃക്കരോഗം ഇരുട്ടിലാക്കിയ ജീവിതവഴികളിൽ നക്ഷത്രങ്ങളുണ്ടാക്കി വിറ്റു പ്രകാശം പകരാനുള്ള പരിശ്രമത്തിലാണ് ഈ അന്പത്തിനാലുകാരൻ. മഞ്ഞപ്ര ആനപ്പാറ പുതുവ പത്രോസ് 2013 മുതൽ വൃക്കരോഗിയാണ്. രണ്ടു വൃക്കകൾക്കും തകരാറുണ്ട്. ജീവൻ നിലനിർത്താൻ മാസത്തിൽ പന്ത്രണ്ടു ഡയാലിസിസ് വേണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണു ചികിത്സ.
നിർധന കുടുംബത്തിന്റെ ആശ്രയമായ പത്രോസ് പരന്പരാഗത രീതിയിലുള്ള നക്ഷത്രങ്ങൾ നിർമിച്ചു നൽകിയാണു ജീവിതമാർഗം കണ്ടെത്തുന്നത്. ഈറ്റ, ചൈന പേപ്പർ, നൂൽകന്പി, ഗിൽറ്റ് പേപ്പർ എന്നിവ ഉപയോഗിച്ചാണു നക്ഷത്രങ്ങൾ നിർമിക്കുന്നത്. മൂന്നടി നീളമുള്ള നക്ഷത്രത്തിനു 300 രൂപയാണു വില. ഓർഡർ അനുസരിച്ച് നിർമിച്ചു വീടുകളിൽ എത്തിച്ചു കൊടുക്കും.
ദീർഘകാലം ആനപ്പാറ ഫാത്തിമമാത പള്ളിയിലെ ദേവാലയ ശുശ്രൂഷിയായിരുന്ന പത്രോസിനു വൃക്കരോഗം മൂർച്ചിച്ച് ആരോഗ്യം ക്ഷയിച്ചതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. ദേവാലയ ശുശ്രൂഷയ്ക്കൊപ്പം ഇലക്ട്രിക്കൽ വർക്കുകളും ചെയ്തിരുന്ന പത്രോസ് ഏതാനും അമ്വേചർ നാടകങ്ങളുടെ രചന നിർവഹിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
നിരവധി വേദികളിലെത്തിയ സെന്റ് സെബാസ്റ്റ്യൻ ഇതിൽ ശ്രദ്ധേയമായിരുന്നു. അക്ഷരമുറ്റത്ത് ഇത്തിരിനേരം എന്ന നാടകം എഴുതിയെങ്കിലും വൃക്കസംബന്ധമായ രോഗം മൂലം വേദിയിലെത്തിക്കാനായില്ല. ബുദ്ധിമുട്ടുകൾക്കിടയിൽ മകൾ ഡിനിയയുടെ വിവാഹം നടത്തി. മകൻ ഡാർവിന്റെ വിദ്യാഭ്യാസം സാന്പത്തികബുദ്ധിമുട്ട് രൂക്ഷമായതോടെ നിർത്തേണ്ട സ്ഥിതിയായി.
ജോലിക്കുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ഡാർവിൻ. പത്രോസിനെ ആശുപത്രിയിൽ കൊണ്ടുപോകുകയും മറ്റും ചെയ്യേണ്ടതുള്ളതിനാൽ ഭാര്യ ലിസിക്കു ജോലിക്കു പോകാനാവുന്നില്ല. ദൈനംദിന കുടുംബച്ചെലവുകളും വർധിച്ചതോടെ സാന്പത്തിക ബുദ്ധിമുട്ട് രൂക്ഷമായി. ഇതോടെയാണു നക്ഷത്രങ്ങൾ നിർമിക്കുന്ന തൊഴിലിലേക്കു തിരിഞ്ഞത്.
ബുദ്ധിമുട്ടുകളേറെയുണ്ടെങ്കിലും ആരുടെയും മുന്പിൽ കൈനീട്ടാൻ മനസുവരുന്നില്ല. സാധിക്കുന്നിടത്തോളം അധ്വാനിച്ചു ജീവിക്കണം. തന്റെ നക്ഷത്രങ്ങൾ കൂടുതൽപേർ വാങ്ങാനുള്ള മനസു കാണിച്ചാൽ അതു വലിയ അനുഗ്രഹമാകും. നക്ഷത്രങ്ങൾ മോടിപിടിപ്പിക്കുന്നതിനിടെ പത്രോസ് പറഞ്ഞു നിർത്തി.