കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി ചികിത്സാ പിഴവ് മൂലം മരിച്ചെന്ന് ആരോപണം. ചേമഞ്ചേരി തൂവക്കോട് കൊയമ്പുറത്ത് താഴം ബൈജു (38) ആണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടു നല്‍കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കി.
തുടര്‍ന്ന് ആര്‍ഡിഒ സ്ഥലത്തെത്തി ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. സംഭവത്തെ കുറിച്ച് എട്ടംഗ സമിതി അന്വേഷിക്കാനും തീരുമാനമായി. നാല് ഡോക്ടര്‍മാരും രണ്ട് പൊതുപ്രവര്‍ത്തകരും രണ്ട് ബന്ധുക്കളുമാണ് സമിതിയിലുള്ളത്.
കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് പിത്താശയക്കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയക്കായി ബൈജുവിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 13ന് താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ പിത്താശയത്തിലെ കല്ല് നീക്കം ചെയ്തു. രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും രോഗി ഗുരുതരാവസ്ഥയിലായി. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാന്‍ ട്യൂബ് ഇട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ബൈജുവിനെ രണ്ട് തവണ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. കൂടുതല്‍ പരിശോധന നടത്താന്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാനും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ എഴുതി നല്കി.
ഇതുപ്രകാരം ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ച് വൈകിട്ടോടെ വീണ്ടും മെഡിക്കല്‍കോളജിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചികിത്സാ പിഴവ് അറിഞ്ഞതിനെ തുടര്‍ന്ന് ഈ മാസം 13 ന് മെഡിക്കല്‍കോളജ് സൂപ്രണ്ട്, ജില്ലാ കളക്ടര്‍ , സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. കൂടാതെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ു