പത്തനംതിട്ട: പത്തനംതിട്ട എന്ന പേരിൽ ഇന്ന് ഒരു നിയമസഭ മണ്ഡലമില്ല. 1957 മുതൽ 2006ലെ തെരഞ്ഞെടുപ്പുവരെ പത്തനംതിട്ട കേരളത്തിലെ ഒരു നിയമസഭ മണ്ഡലമായിരുന്നു.
2009 ലെ മണ്ഡല പുനർവിഭജന വേളയിൽ ജില്ലാ ആസ്ഥാനമായിട്ടു കൂടി പത്തനംതിട്ടയുടെ പേരിൽ ഒരു മണ്ഡലം ലഭിച്ചില്ല.
പകരം ആറന്മുള മണ്ഡലത്തിന്റെ ആസ്ഥാനമായി പത്തനംതിട്ട മാറുകയായിരുന്നു.പഴയ പത്തനംതിട്ട മണ്ഡലം കെ.കെ. നായർ എന്ന ഒരു എംഎൽഎയുടെ പതിറ്റാണ്ടു നീണ്ടുനിന്ന പൊതുപ്രവർത്തനത്തിന്റെ തട്ടകമായിരുന്നു.
എംഎൽഎ എന്ന സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തി പത്തനംതിട്ട ജില്ല രൂപീകരിച്ചതുൾപ്പെടെ പതിറ്റാണ്ടുകൾ മണ്ഡലത്തെ പ്രണയിച്ചയാളാണ് കെ.കെ. നായർ. നായർ കളം ഒഴിഞ്ഞതിനു പിന്നാലെ മണ്ഡലവും ഇല്ലാതായെന്നത് ചരിത്രം.
പത്തനംതിട്ട എന്ന പേരിൽ ഒരു മണ്ഡലം ഉണ്ടായി രണ്ടാമത്തെ തെരഞ്ഞെടുപ്പു മുതൽ അവസാനത്തെ തെരഞ്ഞെടുപ്പുവരെ നായർ സ്ഥാനാർഥിയായിരുന്നു.
12 തവണ മത്സരിച്ചതിൽ എട്ടുതവണയും വിജയം നേടിയ ചരിത്രമാണ് പത്തനംതിട്ട കളപ്പുരയ്ക്കൽ കരുണാകരൻ നായരെന്ന കെ.കെ. നായരുടേത്.
അതും ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടു പ്രത്യേകമായ കൂറോ മമതയോ ഇല്ലാതെ തന്നെ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു അദ്ദേഹം.
സംസ്ഥാന നിയമസഭയിൽ 34 വർഷമാണ് കെ.കെ. നായർ പത്തനംതിട്ടയെ പ്രതിനിധീകരിച്ചത്. 1980 മുതൽ 2001വരെയുള്ള തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വിജയം.
പത്തനംതിട്ടയുടെ ചരിത്രം തുടങ്ങുന്നത് 1957ലെ നിയമസഭ തെരഞ്ഞെടുപ്പു മുതലാണ്. സിപിഐയിലെ തോപ്പിൽ ഭാസിയായിരുന്നു ആദ്യം എംഎൽഎ. സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായിരുന്ന എൻ.ജി. ചാക്കോയെ 7648 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
രണ്ടാമത്തെ തെരഞ്ഞെടുപ്പു നടന്ന 1960ൽ കെ.കെ. നായർ രംഗപ്രവേശം ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെയായിരുന്നു അരങ്ങേറ്റം.
പിഎസ്പിയിലെ സി.കെ.ഹരിശ്ചന്ദ്രൻ നായരായിരുന്നു എതിരാളി. കന്നി അങ്കത്തിൽ നായർ 8647 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഹരിശ്ചന്ദ്രൻ നായരുടെ മരണത്തോടെ 1963ൽ ഉപതെരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസിലെ എം. രവീന്ദ്രനാഥാണ് വിജയിച്ചത്.
സിപിഐയിലെ പന്തളം പി.ആർ. മാധവനായിരുന്നു എതിർ സ്ഥാനാർഥി. 1965ൽ കെ.കെ. നായർ വീണ്ടു മത്സരിച്ചു. ഇത്തവണ കേരള കോണ്‍ഗ്രസിലെ വയലാ ഇടിക്കുളയോടു 5352 വോട്ടുകൾക്ക് പരാജയപ്പെട്ടു. 1967ൽ വീണ്ടും അദ്ദേഹം കളത്തിലിറങ്ങി.
ഇത്തവണ സിറ്റിംഗ് എംഎൽഎ വയലാ ഇടിക്കുളയെ 10,143 വോട്ടുകൾക്ക് പരാജയപ്പെടുത്തി കന്നി വിജയം. എൽഡിഎഫ് സ്വതന്ത്രനായി വീണ്ടും 1970ൽ മത്സരിച്ചു. വയലാ ഇടിക്കുളയെ വീണ്ടും പരാജയപ്പെടുത്തി.
എന്നാൽ 1977ൽ കേരള കോണ്‍ഗ്രസിലെ ഡോ.ജോർജ് മാത്യു 4167 വോട്ടുകൾക്ക് നായരെ തോല്പിച്ചു.
1980ലെ തെരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് നിഷേധിച്ചതോടെ കെ.കെ. നായർ സ്വതന്ത്രനായി മത്സരിച്ചു.
ഇരുമുന്നണി സ്ഥാനാർഥികളെയും വെല്ലുവിളിച്ച് നായരുടെ സ്ഥാനാർഥിത്വം കേരളമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. എൽഡിഎഫിലെ കേരള കോണ്‍ഗ്രസ് -എം സ്ഥാനാർഥിയായി ഡോ.ജോർജ് മാത്യുവും യുഡിഎഫിലെ കേരള കോണ്‍ഗ്രസ് – ജെ സ്ഥാനാർഥിയായി ഈപ്പൻ വർഗീസും മത്സരിച്ചു. വിജയം സ്വതന്ത്രനായ കെ.കെ. നായരെയാണ് തുണച്ചത്. 1983 വോട്ടുകളുടെ ഭൂരിപക്ഷമാണുണ്ടായിരുന്നത്.
ഇ.കെ. നായനാർ നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ കെ. കരുണാകരൻ 1981ൽ ഇടക്കാല മന്ത്രിസഭ രൂപീകരിച്ചു. പക്ഷേ ഭൂരിപക്ഷം ഉറപ്പിക്കാൻ കെ.കെ. നായരുടെ പിന്തുണ വേണ്ടിവന്നു. പിന്തുണയ്ക്കുമെങ്കിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടു.
എന്നാൽ അദ്ദേഹത്തിനു വേണ്ടിയിരുന്നത് പത്തനംതിട്ട ജില്ലയായിരുന്നു. പത്തനംതിട്ട കേന്ദ്രമാക്കി ഒരു ജില്ല എന്ന സ്വപ്ന സാക്ഷാത്കാരത്തിനുവേണ്ടി കെ.കെ. നായരുൾപ്പെട്ട പൊതുപ്രവർത്തകർ ദീർഘകാലമായി നടത്തിവന്ന യത്നങ്ങളുടെ പൂർത്തീകരണമെന്ന നിലയിൽ കെ. കരുണാകരൻ ആവശ്യം അംഗീകരിച്ചു.
നായർ അദ്ദേഹത്തെ പിന്തുണയ്ക്കുകയും പിന്നീട് യുഡിഎഫ് പാളയത്തിലേക്ക് എത്തുകയും ചെയ്തു. 1982 മുതൽ അദ്ദേഹം യുഡിഎഫ് സ്വതന്ത്രനായാണ് മത്സരിച്ചത്.
കെ. കരുണാകരൻ വീണ്ടും മുഖ്യമന്ത്രിയായതിനു പിന്നാലെ നായർക്കു നൽകിയ വാക്ക് പാലിച്ച് പത്തനംതിട്ട ജില്ലയും രൂപീകരിച്ചു. 1982ൽ എൽഡിഎഫ് സ്വതന്ത്രൻ കെ.വി. ജോസഫിനെയും 1987ൽ കോണ്‍ഗ്രസ് -എസിലെ കൊട്ടറ ഗോപാലകൃഷ്ണനെയുമാണ് പരാജയപ്പെടുത്തിയത്.
1991ൽ കേരള കോണ്‍ഗ്രസ് – ജെയിലെ ഈപ്പൻ വർഗീസിനെ 17,468 വോട്ടിനു പരാജയപ്പെടുത്തി. 1996ൽ പ്രഫ.ഡി.കെ. ജോണ്‍ കേരള കോണ്‍ഗ്രസ് – ജെ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 5807 ആയി കുറഞ്ഞു. 1996 മുതൽ നായർ കോണ്‍ഗ്രസ് ചിഹ്നത്തിൽ തന്നെ മത്സരിച്ചു.
2001ൽ ജെറി ഈശോ ഉമ്മനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. 2006ൽ കോണ്‍ഗ്രസ് സീറ്റ് കെ.കെ. നായർക്കു നൽകിയില്ല. പ്രതിഷേധം അറിയിച്ച് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചെങ്കിലും ഇത്തവണ വിജയം ഒപ്പം നിന്നില്ല.
നിയമസഭയിലേക്കുള്ള മത്സരം ഇതോടെ അവസാനിപ്പിക്കുകയായിരുന്നു. 2009ൽ പത്തനംതിട്ട എന്ന പേരിൽ ലോക്സഭ മണ്ഡലം നിലവിൽ വന്ന് ആദ്യ മത്സരം നടന്നപ്പോൾ കെ.കെ. നായരും സ്ഥാനാർഥിയായിട്ടുണ്ടായിരുന്നു. ബിഎസ്പിയുടെ ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ചത്.
പത്തനംതിട്ട എന്ന പേരിനോട് അത്രമാത്രം അദ്ദേഹത്തിനു ഹരമായിരുന്നു. ആ പേരിലുള്ള ഒരു മണ്ഡലത്തെ ജീവിതാവസാനംവരെ ഒപ്പം നിർത്താൻ ആഗ്രഹിച്ച ആളായിരുന്നു കെ. കെ. നായർ. 2013 ഫെബ്രുവരി ഏഴിന് അന്തരിച്ചു.