വിശന്നു കരഞ്ഞ വിമാനയാത്രക്കാരിയുടെ കുട്ടിക്ക് മുലപ്പാൽ നൽകിയ എയർഹോസ്റ്റസിന് അഭിനന്ദനപ്രവാഹം. ഫിലിപ്പെൻസിലുള്ള ഒരു വിമാന കമ്പനിയിലെ ജീവനക്കാരിയായ പെട്രീഷ്യ ഓഗനൊയാണ് ഇത്തരമൊരു കാരുണ്യപ്രവർത്തിയിലൂടെ ലോക മനസാക്ഷിയുടെ കൈയടി നേടുന്നത്.
വിമാനം ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞ് ഒരു കൈക്കുഞ്ഞ് അസാധാരണമായി കരയുന്നത് കേട്ടാണ് പെട്രീഷ്യ ഈ കുട്ടിയെ എടുത്തിരിക്കുന്ന ഒരു യുവതിയുടെ സമീപത്തേക്ക് ചെന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് മനസലിവ് തോന്നിയ ഇവർ യുവതിയോട് കുഞ്ഞിനെ മുലയൂട്ടാൻ ആവശ്യപ്പെട്ടു.
പക്ഷെ ഈ യുവതിയുടെ കൈവശമുണ്ടായിരുന്ന ഫോർമുല മിൽക്ക് തീർന്നു പോയിരുന്നു. ഫോർമുല മിൽക്ക് തന്റെ കൈവശമില്ലെന്ന് പെട്രീഷ്യയോട് പറഞ്ഞ ഇവർ അത് ലഭിക്കുവാൻ എന്തെങ്കിലും മാർഗമുണ്ടോയെന്ന് പെട്രീഷ്യയോട് ആരാഞ്ഞു.
എന്നാൽ വിമാനത്തിനുള്ളിൽ ഫോർമുല മിൽക്ക് ലഭ്യമല്ലായിരുന്നു. കുഞ്ഞിന്റെ കരച്ചിലും അമ്മയുടെ നിസഹായവസ്ഥയും കണ്ട് മനസലിഞ്ഞ പെട്രീഷ്യ, കുട്ടിയെ മുലയൂട്ടുവാൻ തയാറാവുകയായിരുന്നു. ഒമ്പത് മാസം പ്രായമുള്ള കുട്ടിയുടെ അമ്മയും കൂടിയാണ് പെട്രീഷ്യ.
തനിക്കൊരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവമാണെന്ന് പറഞ്ഞ് പെട്രീഷ്യ തന്നെയാണ് ഇതിനെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ് അന്താരാഷ്ട്രമാധ്യമങ്ങളടക്കം ആയിരക്കണക്കിനാളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. മാത്രമല്ല ഇവർ ചെയ്ത പുണ്യ പ്രവർത്തിയെ അഭിന്ദിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.