പോത്തൻകോട്: തട്ടിപ്പുകാർ വ്യത്യസ്തമായ പല തന്ത്രങ്ങളും പയറ്റും. ഹോട്ടലിൽ കയറി വയറ് നിറച്ചു കഴിച്ചശേഷം പണം നൽകാതെ മുങ്ങാൻ രണ്ടുപേർ നടത്തിയതും അത്തരത്തിലുള്ള വേറിട്ട തന്ത്രമാണ്.
കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്.ഇന്നലെ രാവിലെ പതിനൊന്നരയോടെ ഹോട്ടലിൽ എത്തിയ രണ്ടു യുവാക്കൾ ആദ്യം ഹോർലിക്സും പിന്നീട് ബിരിയാണിയും ഓർഡർ ചെയ്യുകയായിരുന്നു.
രണ്ടു പേരും കഴിച്ചു കഴിയാറായപ്പോഴാണ് ഒരാൾ ജീവനക്കാരനെ വിളിച്ച് ബിരിയാണിയിൽ പാറ്റ കിടക്കുന്നതായി പറയുന്നത്.
യുവാക്കൾ കാണിച്ചുകൊടുത്ത പാറ്റയ്ക്ക് ചൂട് ബിരിയാണിയിൽ കിടന്നതിന്റെ യാതൊരു ലക്ഷണവും ഇല്ലെന്നു കണ്ടതിനെ തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും യുവാക്കൾ ബഹളം തുടങ്ങിയിരുന്നു.
എന്തായാലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ട് നിഗമനത്തിൽ എത്താമെന്ന് ഹോട്ടൽ ജീവനക്കാർ നിലപാട് എടുത്തതോടെ രണ്ടംഗ സംഘത്തിലെ ഒരാൾ ആദ്യം തന്ത്രപൂർവം പുറത്തിറങ്ങി.
പിന്നീട് രണ്ടാമനും പുറത്തിറങ്ങി. ഇരുവരും വന്ന ഇരുചക്ര വാഹനത്തിന് നമ്പർ പ്ലേറ്റ് പോലും ഇല്ലെന്ന് മനസിലാക്കിയ ജീവനക്കാർ സംഘത്തിലെ ഒരാളെ തടഞ്ഞു വയ്ക്കുകയും സമീപത്തുണ്ടായിരുന്ന പഞ്ചായത്തംഗം മാലിക്കിന്റെ സഹായം തേടുകയും ചെയ്തു.
മാലിക് എത്തി കാര്യങ്ങൾ തിരക്കുന്നതിനിടെ രണ്ടാമനും ഓടിരക്ഷപ്പെട്ടു.വിവരമറിഞ്ഞെത്തിയ മംഗലപുരം പോലീസ് യുവാക്കൾ എത്തിയ ഇരുചക്ര വാഹനം കസ്റ്റഡിയിൽ എടുത്തു.
മോഷണ വാഹനമായതിനാലാണ് നമ്പർ പ്ലേറ്റ് നീക്കം ചെയ്തതെന്നാണ് പോലീസ് നിഗമനം. ഈ രണ്ടു യുവാക്കളും മുൻപും ഹോട്ടലിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നു ഹോട്ടൽ അധികൃതർ പറയുന്നു.
സിസിടിവി ദൃശ്യങ്ങളിൽനിന്നു യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.