കൊട്ടാരക്കര: കിടക്കയിൽ പോലും സ്വസ്ഥതയില്ലാതെ രോഗികൽ. സാധാരണക്കാരന്റെ ആശ്രയമായ കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ജനറൽ വാർഡുകളിലെല്ലാം പാറ്റകൾ പെറ്റുപെരുകി കിടക്കുന്നു. ഉറങ്ങാൻ കഴിയാതെ പോലും വൃദ്ധരുൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുമ്പോഴും ആശുപത്രിയുടെ ചുമതലയുള്ള നഗരസഭയും ആരോഗ്യ വകുപ്പും അറിഞ്ഞ ഭാവം നടിക്കുന്നില്ല.
താലൂക്കാശുപത്രിയിലെ എല്ലാ കിടക്കവാർഡുകളിലും പാറ്റ ശല്യം രൂക്ഷമാണ്. അടിയന്തിര ചികിൽസയുടെ ഭാഗമായി കിടത്തിച്ചികിൽസ ആവശ്യമായവരുടെയും വയോവൃദ്ധരുടെയും ഗർഭിണികളുടെയും കുട്ടികളുടെയും വാർഡുകളിൽ പാറ്റ പെറ്റുപെരുകി കിടക്കുകയാണ്.
രോഗികൾക്ക് ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഇതുമൂലം ബുദ്ധിമുട്ടനുഭവപ്പെടുന്നു. വാർഡുകളിലെ വാതിൽപ്പടികളിലും ജനാലകളിലും കിടക്കകളിലുമെല്ലാം പാറ്റക്കൂട്ടം പെരുകിക്കഴിയുന്നു. ഇക്കാര്യത്തിൽ ആശുപത്രി അധികൃതർ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയാണ്.
കോടികളുടെ വികസന പദ്ധതികളാണ് സർക്കാർ ഇവിടേക്കായി ആവിഷ്ക്കരിച്ചിട്ടുള്ളത്. പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുമുണ്ട്. അതിനിടയിലാണ് പാറ്റകളെക്കൊണ്ട് രോഗികൾ വലയുന്നത്. ഒന്നുറങ്ങാൻ പോലും കഴിയുന്നില്ലെന്ന് അവർ പരിതപിക്കുന്നു.