നെന്മാറ : കർഷകർക്ക് കനത്ത ഭീഷണി ഉയർത്തി നെൽപ്പാടങ്ങളിലും പച്ചക്കറികൃഷിയിടങ്ങളിലും പട്ടാള പുഴുവിന്റെ ആക്രമണം പടർന്നുപിടിക്കുന്നു.
ദിവസങ്ങൾക്കകം പട്ടാള പുഴുക്കളെ കണ്ട പ്രദേശങ്ങളിലെ വരന്പുകളിലെ പുല്ലുകളും കൊയ്തൊഴിഞ്ഞ പാടങ്ങളിൽ മുളച്ചുപൊന്തിയ നെൽച്ചെടികളും വ്യാപകമായി തിന്നു തീർത്ത് പ്രദേശത്തെ മുഴുവൻ പച്ചപ്പും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാക്കുന്നു.
ഞാറ്റടി തയാറാക്കിയ പാടശേഖരങ്ങളിലും പാവൽ, പടവലം തുടങ്ങി പച്ചക്കറി കൃഷി ചെയ്ത് നെൽപ്പാടങ്ങളിലുമാണ് വ്യാപകമായി പട്ടാളപ്പുഴു ആക്രമണം കണ്ടുവരുന്നത്.
നെന്മാറ, അയിലൂർ കൃഷി ഭവനുകളുടെ കീഴിലുള്ള വിത്തനശേരി, പോത്തുണ്ടി, പാളിയമംഗലം, കൂറുന്പൂർ, കരിങ്കുളം, തിരുവഴിയാട്, പെരുമാങ്കോട്, മരുതഞ്ചേരി, ആലന്പള്ളം ഭാഗങ്ങളിലെ 120 ഏക്കറോളം പാവൽ കൃഷിയാണ് കായ് ഫലം കുറഞ്ഞ് നഷ്ടത്തിലായത്.
സാധാരണ ഈ സമയത്ത് ചെറിയ തോതിൽ പാവയ്ക്ക പറിക്കാൻ കഴിയുമെന്നും കൃഷി നാശമായതിനാൽ വിളവെടുക്കാൻ കഴിയുന്നില്ലെന്നും പാവൽ കർഷകർ പറയുന്നു.
കൃഷിയിറക്കിയ ഭൂമിയിൽ ബാങ്കിൽ നിന്നും, കുടുംബശ്രീ മുഖേനയും വായ്പ എടുത്താണ് ഈ ഭാഗത്ത് മിക്കവരും പച്ചക്കറി കൃഷിയിറക്കിയിരിക്കുന്നത്.നെൽപ്പാടങ്ങളിലും വ്യാപകമായി പട്ടാളപ്പുഴുവിനെ കാണുന്നുണ്ട്.
വെള്ളം ലഭ്യമായ പാടശേഖരങ്ങളിൽ കർഷകർ ഉഴുതുമറിച്ച് പട്ടാളപ്പുഴുവിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. ഞാറ്റടി തയാറാക്കിയ നെൽപ്പാടങ്ങളിൽ പട്ടാള പുഴുവിനെ പ്രതിരോധിക്കുന്നതിനായി വെള്ളം കയറ്റി നിർത്തിയിരിക്കുകയാണ് കർഷകർ.
പച്ചക്കറി കർഷകർ പന്തലുകളിൽ മറ്റും പുഴു കയറുന്നത് ഒഴിവാക്കുന്നതിനായി കീടനാശിനി പ്രയോഗം നടത്തുകയാണ്. നെൽച്ചെടികളുടെയും പുൽച്ചെടികളുടെയും കട്ടികൂടിയ തണ്ട് ഒഴികെ നേർത്ത ഭാഗങ്ങൾ മുഴുവൻ തിന്നു തീർക്കുകയാണ് പട്ടാളപ്പുഴു ചെയ്യുന്നത്.
ആയിരകണക്കിന് എണ്ണം ഒന്നിച്ച് ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിച്ച് തിന്നുന്നതു കൊണ്ടാണ് വ്യാപകമായ കൃഷിനാശ ഭീഷണി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുന്നത്.
ചൂടുകൂടിയ കാലാവസ്ഥയിലെ വേനൽ മഴയാണ് പട്ടാളപ്പുഴു ഒന്നിച്ച് വിരിഞ്ഞ് ഇറങ്ങാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
സാധാരണയായി കൊയ്തൊഴിഞ്ഞ നെൽപ്പാടങ്ങളിലെ ചിതറിക്കിടക്കുന്ന വൈക്കോലുകൾക്കും ഉണങ്ങിയ പുല്ലുകൾക്കും അടിയിൽ മുട്ട വിരിയാറുള്ള പട്ടാളപ്പുഴു വേനൽക്കാലങ്ങളിൽ നെൽപ്പാടങ്ങൾ ഉഴുതുമറിക്കുന്നതോടെ നല്ലൊരു ശതമാനവും നശിച്ചുപോകും.
ഈ വർഷം ഉണ്ടായ തുടർച്ചയായ വേനൽമഴ നെൽപ്പാടങ്ങളിലും മറ്റും കിടന്ന ജൈവാവശിഷ്ടങ്ങൾ പട്ടാള പുഴുക്കൾ കൂടുതൽ വിരിഞ്ഞിറങ്ങുന്നതിനു സഹായകമായി.