തൃശൂർ: പട്ടാളം കുപ്പിക്കഴുത്ത് ഇപ്പോ പൊട്ടുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് എതാണ്ട് മൂന്നു വർഷത്തോളമായെങ്കിലും ഇനിയും കാത്തിരിക്കേണ്ടി വരില്ലെന്നാണ് അധികാരികളുടെ ഉറപ്പ്. ഒരൊറ്റയൊപ്പ് കിട്ടിയിരുന്നെങ്കിൽ പട്ടാളം കുപ്പിക്കഴത്തു കൂടി പൊട്ടിച്ചിട്ടേ കസേരയിൽ നിന്നറിങ്ങുമായിരുന്നുള്ളൂവെന്ന് മുൻ മേയർ അജിത ജയരാജൻ പറഞ്ഞിരുന്നു. എല്ലാ ഫയലുകളും ശരിയായി.
ഇനി പോസ്റ്റ് മാസ്റ്റർ ജനറൽ (പിഎംജി) ഒപ്പിട്ടാൽ പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കാൻ കഴിയുമെന്നാണ് പറയുന്നത്. എന്തായാലും ഒപ്പിടുന്നതിനുമുന്പ് പിഎംജി അവധിയിൽ പോയതാണ് പട്ടാളം കുപ്പിക്കഴുത്തിന്റെ ആയുസ് നീളാൻ കാരണമത്രേ. ഇനി അടുത്തുവരുന്ന സിപിഐ മേയറാകും കുപ്പിക്കഴുത്ത് പൊട്ടിക്കാനുള്ള യോഗം ഉണ്ടാകുക.
തെക്കേഗോപുര നടയിൽ നിന്ന് നോക്കിയാൽ ശക്തൻ സ്റ്റാൻഡ് കാണണമെന്ന കാഴ്ചപ്പാടാണ് പട്ടാളം കുപ്പിക്കഴുത്ത് പൊട്ടുന്നതോടെ യാഥാർഥ്യമാകുക. പട്ടാളം റോഡിന് വീതി കൂടുന്നതോടെ ഇത് ഏതാണ്ട് യാഥാർഥ്യമാകും. രാജൻ പല്ലൻ മേയറായിരിക്കുന്ന കാലത്താണ് പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. നഗരത്തിലെ ഗതാഗതകുരുക്കിന് പ്രധാന കാരണമായ ഈ കുപ്പിക്കഴുത്ത് പൊട്ടിച്ചാൽ എംഒ റോഡിലും പരിസരത്തുമുള്ള ഗതാഗത കുരുക്കിന് പരിഹാരം കാണാൻ സാധിക്കുമെന്ന് ബോധ്യമായതിനെ തുടർന്നാണ് ഈ നീക്കം ആരംഭിച്ചത്.
എന്നാൽ കുപ്പിക്കഴുത്ത് പൊട്ടിക്കാനുള്ള കോർപറേഷൻറെ നീക്കം വൻ കുരുക്കിലാകുകയായിരുന്നു. കേന്ദ്രമന്ത്രിയെ കണ്ട് പോസ്റ്റോഫീസ് മാറ്റാനുള്ള അനുമതിക്ക് പലതവണ സി.എൻ.ജയദേവൻ എംപിയടക്കമുള്ളവരുമായി ഡൽഹിയിൽ പോകുകയും ഏതാണ്ട് അനുമതി നൽകാനുള്ള നീക്കം നടക്കുകയും ചെയ്തിരുന്നു. ഭരണം മാറിയതോടെ പട്ടാളം റോഡ് വികസനം തണുത്തു.
കൂടാതെ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി പട്ടാളം റോഡ് വികസനത്തെ ഇപ്പോഴത്തെ കോർപറേഷൻ ഭരണസമിതി കണ്ടതോടെ വീണ്ടും അവതാളത്തിലായി. സിപിഐക്കാരനായ തൃശൂർ എംപി സി.എൻ.ജയദേവനെ ഒഴിവാക്കി ആലത്തൂർ എംപിയും സിപിഎമ്മുകാരനുമായ പി.കെ.ബിജുവിനെ ഉൾപ്പെടുത്തി മുൻ ഡെപ്യൂട്ടി മേയർ നീക്കം നടത്തിയതോടെ സിപിഐയും ഇടഞ്ഞു.
പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കുന്നതിന്റെ ക്രെഡിറ്റ് സിപിഎമ്മിനോ സിപിഐക്കോ എന്നുള്ള തർക്കം മൂലം രണ്ടു വർഷത്തോളമായി പട്ടാളം റോഡ് പഴയ പടി തന്നെ നിന്നു. എന്നാൽ ഒടുവിൽ ഇപ്പോൾ സിപിഐ മേയറുടെ കാലത്ത് പട്ടാളം പൊട്ടുന്ന സാഹചര്യമെത്തിയത് വിരോധാഭാസമായി മാറി. ഇനി സിപിഎം മേയർ വരുന്നതുവരെ പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കുന്നതിന് ഉടക്കിടുമോയെന്നാണ് പലരുടെയും ആശങ്ക.
കഴിഞ്ഞ ജൂണിൽ തപാൽവകുപ്പിന്റെ തിരുവനന്തപുരം പോസ്റ്റ് മാസ്റ്റർ ജനറൽ, റീജണൽ മേധാവികൾ എന്നിവരടക്കമുള്ളവരുമായി മേയർ അജിത ജയരാജൻ, മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി എന്നിവർ നടത്തിയ ചർച്ചയിൽ കോർപറേഷൻ നിലപാട് കടുപ്പിച്ച് വിവരം അറിയിച്ചിരുന്നു. ഇതേ തുടർന്ന് പോസ്റ്റോഫീസ് മാറ്റത്തിന് 2015ൽ കോർപറേഷനും തപാൽ വകുപ്പും തമ്മിൽ ഒപ്പുവെച്ച കരാറിലെ നിർണായക വ്യവസ്ഥയിലെ കെട്ടിട നിർമാണം തപാൽവകുപ്പ് നിർവഹിക്കണമെന്ന കോർപറേഷൻ ആവശ്യം തപാൽവകുപ്പ് അംഗീകരിച്ചു.
നേരത്തെ 3500 ച.അടി വിസ്തീർണത്തിൽ തപാൽവകുപ്പ് തയ്യാറാക്കി നൽകുന്ന പ്ലാനിലും എസ്റ്റിമേറ്റിലും കോർപറേഷൻ, എട്ട് മാസത്തിനുള്ളിൽ കെട്ടിടം നിർമിച്ച് നൽകണമെന്നും, കെട്ടിടം നിർമിക്കുന്ന തുല്യ സംഖ്യ ബാങ്ക് നിക്ഷേപമായി ട്ടിവെയ്ക്കുന്നതുമായിരുന്നു യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് തയ്യാറാക്കിയ കരാർ.
മാസങ്ങൾ പിന്നിട്ടിട്ടും നടപടിയാവാത്തതിനെ തുടർന്ന് നിരവധി തവണ കോർപറേഷൻ തപാൽവകുപ്പുമായി കത്തിടപാടുകൾ നടത്തിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിയുകയായിരുന്നു. ഇതേ തുടർന്നായിരുന്നു വകുപ്പ് മേധാവികളുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചത്. തപാൽവകുപ്പ് നിർദ്ദേശിച്ച ആവശ്യങ്ങളെല്ലാം തള്ളിയ കോർപറേഷൻ ഇനി വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി നിലപാട് കടുപ്പിച്ചതോടെയാണ് കെട്ടിടം സ്വയം നിർമിക്കണമെന്ന കോർപറേഷന്റെ ആവശ്യം അംഗീകരിക്കേണ്ടി വന്നത്.
കരാറിലെ എട്ട് മാസക്കാലയളവിൽ താൽക്കാലികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് കോർപറേഷൻ കെട്ടിടത്തിന്റെ വാടക ഒഴിവാക്കി നൽകാമെന്നും പുതുക്കിയ കരാറിൽ അറിയിച്ചിട്ടുണ്ട്.