കണ്ണൂർ: ജില്ലാ ആശുപത്രി ബസ്സ്റ്റാൻഡിനു സമീപം അഞ്ചുകണ്ടി-ആയിക്കര-കലാശിലൈൻ റോഡിൽ പട്ടാളം വീണ്ടും വഴി തടഞ്ഞതോടെ നാട്ടുകാർ സത്യഗ്രഹം നടത്തി. ഇന്നു പുലർച്ചെ അഞ്ചോടെ പട്ടാളം ടെന്റ് കെട്ടി ക്ലാസെടുത്തു വഴി മുടക്കുകയായിരുന്നു. പട്ടാളത്തിന്റെ നീക്കം മനസിലാക്കിയ നാട്ടുകാർ ആറോടെ പ്രദേശത്തു സംഘടിച്ചെത്തി. തുടർന്നു റോഡിൽ കുത്തിയിരുന്ന സത്യഗ്രഹം ആരംഭിക്കുകയായിരുന്നു.
നാട്ടുകാർ പ്രതിഷേധം തുടങ്ങിയതോടെ സ്ഥലത്തു സായുധരായ പട്ടാളക്കാരെ വിന്യസിച്ചു. നാട്ടുകാരും പട്ടാളക്കാരും തമ്മിൽ വാക്കേറ്റവും നടന്നു. ഇതിനിടയിൽ ഡിഎസ്സി കമാൻഡന്റ് അജയ് ശർമ സ്ഥലത്തെത്തി നാട്ടുകാരെ ശാന്തരാക്കി. ആക്ഷൻ കമ്മിറ്റി നേതാക്കളുമായി കമാൻഡന്റ് സംസാരിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു കളക്ടറുമായി ഇക്കാര്യം ചർച്ച ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യോഗ തീരുമാനത്തിനുശേഷം മാത്രമേ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളൂവെന്ന കമാൻഡന്റിന്റെ ഉറപ്പിന്മേൽ പ്രദേശവാസികൾ സത്യഗ്രഹം അവസാനിപ്പിക്കുകയായിരുന്നു. പുലർച്ചെ റോഡരികിൽ കെട്ടിയ ടെന്റ് അഴിച്ചുമാറ്റാൻ കമാൻഡന്റ് ഉത്തരവിട്ടു. രാവിലെ ഒൻപതോടെ പട്ടാളക്കാർ ടെന്റ് പൊളിച്ചു തിരിച്ചുപോയി.
എന്നാൽ, പത്തരയോടെ തിരിച്ചെത്തിയ പട്ടാളക്കാർ വീണ്ടും നാലു ടെന്റുകൾ കെട്ടി. സായുധരായ ഇരുന്നൂറോളം പട്ടാളക്കാർ പ്രദേശത്ത് തന്പടിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ വീണ്ടും സംഘടിച്ചെത്തിയതോടെ പ്രദേശം സംഘർഷഭരിതമായി. ഇതിനിടെ തഹസിൽദാർ സജീവന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടക്കുന്നതിനിടെ മണിക്കൂറുകൾക്ക് മുന്പ് പ്രകോപനം സൃഷ്ടിക്കാനുള്ള പട്ടാളത്തിന്റെ ശ്രമത്തിൽ നാട്ടുകാർ രോഷാകുലരായി.
തുടർന്ന് പതിനൊന്നോടെ ഡിഎസ്എസി ഓഫീസിൽ കമാൻഡന്റും നാട്ടുകാരുമായി ചർച്ച വിളിച്ചുചേർത്തു. എംപിമാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, തഹസിൽദാർ വി.കെ.സജീവൻ, നാട്ടുകാരെ പ്രതിനിധീകരിച്ച് സി.സമീർ, ജോർജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. അഞ്ചുകണ്ടി-ആയിക്കര-കലാശിലൈൻ റോഡിൽ 150 കുടുംബങ്ങളാണു വീടുവച്ചു താമസിക്കുന്നത്.
ഇവിടേക്കു സുഗമമായി പോകുന്നതിന് ആറുമീറ്റർ വീതിയിൽ റോഡ് വേണം. നാലുമീറ്റർ മാത്രമാണെന്ന പിടിവാശി പട്ടാളക്കാർ ഉപേക്ഷിക്കണമെന്നാണു നാട്ടുകാരുടെ അഭിപ്രായം. അതേസമയം തങ്ങളുടെ അധീനതയിലുള്ള സ്ഥലത്താണു നിർമാണം നടത്തുന്നതെന്നാണു പട്ടാള അധികൃതരുടെ വാദം. സുരക്ഷാ കാരണങ്ങളാലാണ് കോൺക്രീറ്റ് തൂണുകൾ നാട്ടി കന്പിവേലി കെട്ടാനുള്ള തീരുമാനമെടുത്തത്. തൂൺ നാട്ടാൻ കുഴിയെടുക്കുന്ന പണി പുരോഗമിക്കവെയാണു നാട്ടുകാർ രംഗത്തിറങ്ങിയത്. എങ്കിലും ഇപ്പോഴും നാലു മീറ്റർ സ്ഥലം വിട്ടുനൽകാൻ തങ്ങൾ തയാറാണെന്നും പട്ടാളക്കാർ പറയുന്നു.