സീയൂൾ: ദക്ഷിണകൊറിയയിൽ പ്രഖ്യാപിച്ച പട്ടാളനിയമം പിൻവലിച്ചെങ്കിലും പ്രസിഡന്റ് യൂൺ സുക് യോളിന് ഇംപീച്ച്മെന്റ് കുരുക്ക്. പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പ് വെള്ളി, ശനി ദിവസങ്ങളിലുണ്ടാകും. പ്രതിപക്ഷത്തിനു പാർലമെന്റിൽ ഭൂരിപക്ഷമുണ്ട്.
യൂണിന്റെ പീപ്പിൾ പവർ പാർട്ടിയുടെ നേതൃത്വവും അദ്ദേഹത്തിനെതിരേ തിരിഞ്ഞിട്ടുണ്ട്. കാബിനറ്റ് ഒന്നടങ്കം രാജിവയ്ക്കണമെന്നും പ്രതിരോധമന്ത്രി കിം യോംഗ് ഹ്യൂനിനെ പുറത്താക്കണമെന്നും പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം പ്രസിഡന്റ് യൂൺ അപ്രതീക്ഷിതമായി രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത് നാടകീയ സംഭവങ്ങൾക്കിടയാക്കി. പാർലമെന്റ് പിടിച്ചെടുക്കാനെത്തിയ സൈനികരെ എംപിമാർ അഗ്നിശമന ഉപകരണങ്ങൾക്കൊണ്ടു നേരിട്ടു. പാർലമെന്റിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനം നിരോധിക്കുമെന്നും മാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും പട്ടാളം പ്രഖ്യാപിച്ചു.
എന്നാൽ, പട്ടാളത്തെ അവഗണിച്ച പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ ഒരുമിച്ചുകൂടി. മുന്നൂറംഗ പാർലമെന്റിൽ ഹാജരായ 190 പേരും പട്ടാളനിയമം റദ്ദാക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇതിനു പിന്നാലെ പ്രസിഡന്റ് യൂൺ പട്ടാളനിയമം പിൻവലിക്കുന്നതായും പ്രഖ്യാപിച്ചു. ആറു മണിക്കൂർ മാത്രമാണു പട്ടാളനിയമം പ്രാബല്യത്തിലുണ്ടായിരുന്നത്.
ഉത്തരകൊറിയൻ അനുകൂല ശക്തികൾ ദക്ഷിണകൊറിയൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണു പ്രസിഡന്റ് യൂൺ പട്ടാളനിയമം പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനുള്ള തെളിവൊന്നും അദ്ദേഹം നല്കിയില്ല. പ്രതിപക്ഷത്തെ നിയന്ത്രിക്കാനായിരുന്നു പ്രസിഡന്റ് ലക്ഷ്യമിട്ടതെന്ന സൂചനയുണ്ട്.
2022ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ യൂണിന്റെ ജനപ്രീതി വലിയ തോതിൽ ഇടിഞ്ഞിരുന്നു. ഈ വർഷം ഏപ്രിലിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്കു ഭൂരിപക്ഷമില്ലാതായി.
യൂൺ ഇംപീച്ച് ചെയ്യപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്താൽ പ്രധാനമന്ത്രി ഹാൻ ഡക് സൂ ഇടക്കാല പ്രസിഡന്റാകും. 60 ദിവസത്തിനകം പ്രസിഡന്റ് തെരഞ്ഞെടുപ്പുണ്ടാകും.
പട്ടാളനിയമം പിൻവലിച്ചതിനെ അമേരിക്ക സ്വാഗതം ചെയ്തു. ദക്ഷിണകൊറിയയിലെ ദാരുണസംഭവങ്ങൾ വീക്ഷിച്ചുവരികയാണെന്നു റഷ്യ പ്രതികരിച്ചു.