ആലപ്പാട്: നെൽച്ചെടികൾ തിന്നൊടുക്കുന്ന പട്ടാളപ്പുഴുവിനെ തുരത്താൽ പടവുകളിൽ മരുന്നുതളിപ്പട്ടാളമിറങ്ങി. ആലപ്പാട്, പുള്ള് പടവുകളിലെ പട്ടാളപ്പുഴുശല്യം തീർക്കാൻ മോട്ടോർ ഘടിപ്പിച്ച 18 കീടനാശിനി സ്പ്രേയിംഗ് പന്പുമായി പത്ത് തൊഴിലാളികളാണ് മരുന്ന് തളിക്കാൻ പടവുകളിലിറങ്ങിയത്.കോറാജൻ മൂന്ന് മില്ലി വീതം ഒരു ലിറ്റർ വെള്ളം എന്ന തോതിലാണ് മരുന്ന് തളിക്കുന്നത്.
വിതച്ച് ഒരടി വളർന്ന നെൽച്ചെടികൾ പട്ടാളപ്പുഴു മിക്കയിടങ്ങളിലും തിന്നുനശിപ്പിച്ചു. 300 ഏക്കറിലുള്ള ആലപ്പാട് പടവിൽ 260 ഏക്കറോളം നെൽച്ചെടികളും പട്ടാളപ്പുഴുക്കൾ തിന്നു. ഒരു നെൽച്ചെടിയിൽ മാത്രം 10 മുതൽ 15 വരെ പുഴുക്കളുണ്ട്.ഫാം റോഡിലും കർഷകർക്ക് നടക്കാൻ പോലുമാകാത്തവസ്ഥയിൽ നിറയെ പട്ടാളപ്പുഴുക്കളാണ്.
കീടനാശിനി തളിക്കാൻ മോട്ടോർ ഘടിപ്പിച്ച പുതിയ പന്പുകൾ കുറച്ച് ആലപ്പാട് – പുള്ള് സഹകരണ സംഘം വാങ്ങി തൊഴിലാളികൾക്ക് നൽകി. മറ്റുള്ള പന്പുകൾ തൊഴിലാളികളും കൊണ്ടുവന്നു. ആലപ്പാട് പടവിൽ മുക്കാൽ ഭാഗങ്ങളിലും മരുന്ന് തളിച്ചു. പുള്ള് പടവിലും പട്ടാളപ്പുഴുവിന്റെ ആക്രമണമുണ്ട്.
പള്ളിപ്പുറം പടവിൽ ഇന്നലെ മുതൽ മരുന്ന് തളി തുടങ്ങിയിട്ടുണ്ട്. കീടനാശിനി, മരുന്ന് തളിക്കാനുള്ള കൂലി ചെലവും കൃഷി വകുപ്പ് തരാമെന്ന് ഉറപ്പ് ലഭിച്ചതായി കോൾ കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രബാബു പറഞ്ഞു.
ഡബിൾ കോൾ പദ്ധതിയുടെ ഭാഗമായി ഇരുപ്പു കൃഷിക്ക് വേണ്ടി നേരത്തെ കൃഷിയിറക്കിയ പടവുകളിലാണ് ഇപ്പോൾ പട്ടാളപ്പുഴു ആക്രമണമുണ്ടായത്.