കർഷകരെ കുടിയിരുത്തി ചരിത്രം സൃഷ്ടിച്ച പട്ടം കോളനിക്ക് 70-ാംപിറന്നാൾ. 1954-55 കാലഘട്ടത്തിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിനു നടപടികൾ ആരംഭിച്ചപ്പോൾ തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന പട്ടം എ.താണുപിള്ള ഹൈറേഞ്ച് കോളനൈസേഷൻ സ്കീം പ്രഖ്യാപിച്ച് തിരുവിതാംകൂറിൽനിന്നുള്ള കർക്ഷകരെ ഇവിടെ കുടിയിരുത്തുകയായിരുന്നു.
സംസ്ഥാന വിഭജനത്തിനു മുന്പ് കൃഷി ജോലിക്കും മറ്റുമായി വന്ന ആളുകളിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽനിന്നുള്ളവരായിരുന്നതിനാൽ മലയാളി ഭൂരിപക്ഷം വർധിപ്പിക്കാനാണ് കാർഷിക ആനുകൂല്യങ്ങൾ നൽകി മലയാളികളെ ഇവിടെ കുടിയിരുത്തിയത്. അഞ്ച് ഏക്കർ ഭൂമി വീതം സൗജന്യമായി നൽകി ആളുകളെ കുടിയിരുത്തിയ പ്രദേശം ആണ് പട്ടംകോളനി.
കോളനൈസേഷൻ പ്രഖ്യാപിച്ചതിന് ശേഷം 1955 ജനുവരി 20നാണ് പട്ടംകോളനി ഔദ്യോഗികമായി നിലവിൽ വന്നത്. കേരളത്തിന്റെ ഭാഗമായി പ്രദേശം നിലനിർത്തുന്നതിനൊപ്പം നാടിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യവും കോളനി പ്രഖ്യാപനത്തിന് പിന്നിലുണ്ടായിരുന്നു. അഞ്ചേക്കർ വീതമുള്ള 1397 ബ്ലോക്കുകൾ ആണ് ഇത്തരത്തിൽ വിതരണം ചെയ്തത്. അതിനാൽ രാമക്കൽമേട് ഉൾപ്പെടെയുള്ള പ്രദേശം കേരളത്തിന്റെ ഭാഗമായി നിലനിർത്താൻ കഴിഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി എത്തിയവർ കാടും മേടുമായിരുന്ന പ്രദേശങ്ങളിൽ വന്യജീവികളോടും പ്രതികൂലമായ കാലാവസ്ഥയോടും പടപൊരുതി കൃഷിയിറക്കി പ്രദേശം കേരളത്തിന്റേതാക്കി.ആദ്യകാലത്തെ ബുദ്ധിമുട്ടിൽനിന്നു മാറിയ കോളനി ഇന്നും വിവിധതരം വികസന പ്രതിസന്ധികൾ നേരിടുന്നുണ്ട്.
കോളനിയുടെ സപ്തതി ആഘോഷം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് കോളനിയുടെ പിൻതലമുറക്കാർ. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിക്കളാണ് കോളനിയുടെ സിരാകേന്ദ്രമായ തൂക്കുപാലത്ത് സംഘടിപ്പിക്കുന്നത്. പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബഹുജന പങ്കാളിത്തത്തോടെ 20ന് ആഘോഷങ്ങൾ ആരംഭിക്കും. ഇതിനായി വിപുലമായ സ്വാഗത സംഘം ചേർന്നു.
ലൈബ്രറി പ്രസിഡന്റ് കെ.ആർ. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്തംഗങ്ങളായ സി.എസ്. യശോധരൻ, സതി അനിൽകുമാർ, രമ്യ ഷിജു, ശ്യാമള മധുസൂധനൻ, ഭാരവാഹികളായ മുഹമദ് ബഷീർ, കെ.എസ്. രാജ്മോഹൻ, മുഹദ് ഷാജി, കെ.വി. ഐസക്, രാജേഷ് ചന്ദ്ര, സിന്ധു സുകുമാരൻ നായർ, ജോൺ പുല്ലാട്, പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. കെ.ആർ. ഉണ്ണികൃഷ്ണൻ നായർ ചെയർമാനും ജോമോൻ താന്നിക്കൽ ജനറൽ കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.