ഷൊർണൂർ: പട്ടാന്പിവഴി കോടികളുടെ കുഴൽപണം കടത്തുന്നതായി രഹസ്യവിവരം.പട്ടാന്പിയിൽ കുഴൽപണ ഇടപാടു നടത്തുന്ന വൻ റാക്കറ്റുള്ളതായി പോലീസിനു വിവരം ലഭിച്ചു. ഇത്തരക്കാരെക്കുറിച്ചുള്ള വിവര, തെളിവുശേഖരണവും നടക്കുന്നുണ്ട്.കുഴൽപണ ഇടപാടുകളുടെ ഇടനാഴിയായി പട്ടാന്പി മാറിക്കഴിഞ്ഞെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്പു റിപ്പോർട്ട് നല്കിയിരുന്നു.
കുഴൽപണ ഇടപാടുകൾ ഫലപ്രദമായി തടയുന്നതിനു പോലീസും എൻഫോഴ്സ്മെന്റും ജാഗ്രത പുലർത്തുന്നുണ്ട്.
മലപ്പുറത്തേക്കാണ് പട്ടാന്പിവഴി കുഴൽപണം കടത്തുന്നത്. തമിഴ്നാട്ടിൽനിന്നും അതിർത്തികടന്ന് എത്തുന്ന കുഴൽപണം ഒഴുകുന്നതു മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിലേക്കാണ്. 2,42,18,500 രൂപയുടെ കാറിൽ കടത്തിയ കുഴൽപണം പിടികൂടിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടു രണ്ടു യുവാക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ജില്ലാപോലീസ് സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. കോയന്പത്തൂരിൽനിന്ന് ഒറ്റപ്പാലം വഴിയാണ് മലപ്പുറത്തേക്ക് കുഴൽപണം കടത്തിയിരുന്നത്.
രണ്ടായിരം, 500 എന്നിവയുടെ കെട്ടുകളാണ് കണ്ടെടുത്തത്. കുഴൽപണ ഇടപാടുകൾ വ്യാപകമായി നടക്കുന്നുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും വിവരം ലഭിച്ചിരുന്നു. വാഹന പരിശോധനകൾ പോലീസ് രാത്രികാലത്തും ശക്തമാക്കി.
ഏഴുമാസത്തിനിടെ പിടികൂടിയത് നാലുകോടിയുടെ കുഴൽപണം
ഷൊർണൂർ: പട്ടാന്പിയിൽ ഏഴുമാസത്തിനിടെ പിടികൂടിയത് നാലുകോടി രൂപയുടെ കുഴൽപണം. തമിഴ്നാട്ടിൽനിന്നും കൊണ്ടുവരികയായിരുന്ന പണമാണ് പിടികൂടിയത്. എൻഫോഴ്സ്മെന്റ് നോക്കുകുത്തിയാകുന്നതാണ് കുഴൽപണ ഇടപാടുകൾ വർധിക്കുന്നതിനു മുഖ്യകാരണം.
ഇത്തരമൊരു സർക്കാർ സംവിധാനമുണ്ടോയെന്ന കാര്യംപോലും ജനങ്ങൾ സംശയിച്ചു തുടങ്ങിയിട്ടുണ്ട്.
കുഴൽപണ ഇടപാടുകൾ പോലീസ് പിടിക്കുന്പോൾപോലും തുടരന്വേഷണത്തിനും ഇടപെടലുകൾക്കും മേൽപറഞ്ഞ വകുപ്പു മുതിരുന്നില്ലെന്നുള്ളതാണ് യാഥാർഥ്യം.