ഷൊർണൂർ: അയോഗ്യരായ പട്ടാന്പി നഗരസഭ അംഗങ്ങൾക്ക് ഇനി രക്ഷ ഹൈക്കോടതി മാത്രം. സ്വത്തുവിവരം സമർപ്പിക്കാത്തതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയ പട്ടാന്പി നഗരസഭയിലെ 24 കൗണ്‍സിലർമാരും ഹൈക്കോടതിയെ സമീപിച്ച് അയോഗ്യതയിൽനിന്നും രക്ഷപ്പെടാനാണ് നീക്കം നടത്തുന്നത്. അതേസമയം സ്വത്തുവിവരം സമർപ്പിക്കാത്തതിനാൽ കൗണ്‍സിലർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ കൗണ്‍സിലറും അയോഗ്യനായത് കൗതുകകരമായി.
നിശ്ചിത സമയത്തിനുള്ളിൽ സ്വത്തുവിവരം സമർപ്പിക്കാത്തതിനാൽ പട്ടാന്പി നഗരസഭയിൽ ഭരണപ്രതിപക്ഷ നിരയിലെ 24 കൗണ്‍സിലർമാർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കല്പിച്ചത്. ഇവരെല്ലാം ഹൈക്കോടതിയെ സമീപിച്ച് അയോഗ്യത ഭീഷണിയിൽ നിന്നും രക്ഷപ്പെടാനാണ് ഇപ്പോൾ നീക്കം തുടങ്ങിയിട്ടുള്ളത്. കേരള മുനിസിപ്പൽ ആക്ട് പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ ആസ്തി ബാധ്യതാ വിവരം സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ ഇക്കാര്യത്തിൽ നഗരസഭയിലെ 24 കൗണ്‍സിലർമാരും വീഴ്ചവരുത്തി.
തുടർന്നാണ് കഴിഞ്ഞദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ കൗണ്‍സിലർമാരെ അയോഗ്യരാക്കി ഉത്തരവിട്ടത്. 2015 നവംബർ 12ന് ചുമതലയേറ്റ മുനിസിപ്പൽ കൗണ്‍സിലർമാർക്ക് 30 മാസമാണ് സ്വത്ത് വിവരം സമർപ്പിക്കാൻ സമയം അനുവദിച്ചത്. കൊച്ചിയിലെ അർബൻ അഫയേഴ്സ് മേഖലാ ജോയിന്റ് ഡയറക്ടർക്കാണ് ആസ്തി വിവരങ്ങൾ സമർപ്പിക്കേണ്ടിയിരുന്നത്. എൽഡിഎഫ്, യുഡിഎഫ,് ബിജെപി കൗണ്‍സിലർമാരാണ് അയോഗ്യത ഒഴിവാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ നടപടികൾ തുടങ്ങിയത്.
കോണ്‍ഗ്രസിൽനിന്ന് അഞ്ചുപേരും മുസ്ലിം ലീഗിൽ നിന്നും 10 പേരും എൽഡിഎഫിലെ ആറുപേരും ബിജെപിയുടെ മൂന്ന് കൗണ്‍സിലർമാരും ആണ് അയോഗ്യരായത്. അതേസമയം നഗരസഭാ ചെയർമാൻ കോണ്‍ഗ്രസിലെ കെ .എസ് .ബി .എ .തങ്ങൾ, മുൻ ഡി.സി.സി. ജനറൽ സെക്രട്ടറി ടി .പി. ഷാജി .കെ. ടി. റുക്കിയ, സി.പി .സാജിത് എന്നിവർ മാത്രമാണ് അയോഗ്യത ഭീഷണിയിൽ നിന്നും ഒഴിവായത്. അതേസമയം നഗരസഭാ കൗണ്‍സിലർമാരിൽ ഭൂരിഭാഗം പേരും അയോഗ്യരായതിനെത്തുടർന്ന് പട്ടാന്പി നഗരസഭയിൽ ഭരണപ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചില്ലെങ്കിൽ നഗരഭരണം അവതാളത്തിലാകുമെന്ന കാര്യം ഉറപ്പാണ്. മുനിസിപ്പൽ ആക്ട് അറുപത്തിനാലാം വകുപ്പ് പ്രകാരം പട്ടാന്പി നഗരസഭ കൗണ്‍സിൽ പിരിച്ചു വിടേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പോടുകൂടി ആണ് പഞ്ചായത്ത് പദവിയിൽ നിന്നും പട്ടാന്പി നഗരസഭയായി ഉയർന്നത്.
ആകെ 28 ഡിവിഷനുകളിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി അടക്കം 19 ഡിവിഷനുകൾ നേടി യുഡിഎഫ് ഭരണം കരസ്ഥമാക്കി. എൽഡിഎഫിന് ആറു സീറ്റും ബിജെപി ഒരു സ്വതന്ത്ര അടക്കം മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. മുസ്ലിംലീഗിൽ നിന്നുള്ള കെ .പി ബാപ്പുട്ടി ആയിരുന്നു ആദ്യ ചെയർമാൻ. തുടർന്ന് യുഡിഎഫ് തീരുമാനപ്രകാരം രണ്ടര വർഷത്തിനുശേഷം കോണ്‍ഗ്രസിലെ കെ എസ് ബി എ തങ്ങൾ ചെയർമാൻ സ്ഥാനത്തെത്തി രണ്ടര വർഷത്തിനുശേഷം വന്ന അയോഗ്യരാക്കിയ നടപടി പട്ടാന്പി നഗരസഭയുടെ ഭരണ സ്തംഭനത്തിന് വഴിവയ്ക്കും.
ഹൈക്കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചാൽ ഭരണം തുടർന്നുകൊണ്ടുപോകാൻ സാധിക്കും. അല്ലാത്തപക്ഷം കൗണ്‍സിലിനെ പിരിച്ചുവിടും. അങ്ങനെ വരുന്നപക്ഷം ഒരു തെരഞ്ഞെടുപ്പ് കൂടി നഗരസഭയിൽ നടത്തേണ്ടിവരും.