പട്ടാന്പി: പട്ടാന്പി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റാരോപിതനായ അധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കാൻ സംസ്ഥാന ബാലവകാശ കമ്മീഷൻ ഉത്തരവ്.
കൃഷ്ണാർജുൻ എന്ന അധ്യാപകനെതിരെ കേസെടുക്കാൻ പൊതുവിദ്യഭ്യാസ ഡയറക്ടറോടും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോടും കമ്മീഷൻ ചെയർപേഴ്സണ്‍ ശോഭാ കോശി ഉത്തരവിട്ടു. സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ച പ്രധാനാധ്യാപിക സുഹ്റാബീവിക്കെതിരെയും നടപടിയുണ്ടാകും. പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ടുപേരുടേയും വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയന്റെയും പരാതിയിലാണ് കമ്മീഷന്റെ നടപടി.
2015 ഡിസംബറിലും അതിനുമുന്‍പ് പലതവണയും അഞ്ചാംക്ലാസിൽ പഠിക്കുന്ന 20-ഓളം വിദ്യാർത്ഥിനികളെ സ്ഥിരമായി അധ്യാപകൻ ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാണ് പരാതി ഉയർന്നത്. കുട്ടികൾ ബോർഡിലും ജനലിലുമെല്ലാം പീഡനം നടക്കുന്നുണ്ടെന്ന സൂചന എഴുതിവച്ചെങ്കിലും സ്കൂൾ അധികൃതർ അതെല്ലാം അവഗണിച്ചു. പീഡനവിവരം പുറത്തുകൊണ്ടുവന്ന ക്ലാസ് ടീച്ചറേയും കൗണ്‍സിലറേയും പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും ചേർന്ന് ഒറ്റപ്പെടുത്തുകയും പരാതി മേലാധികാരികൾ മുന്‍പാകെ എത്താതിരിക്കാൻ താത്പര്യം കാണിക്കുകയുമായിരുന്നെന്ന് ആക്ഷേപമുണ്ട്.
പട്ടാന്പി മജിസ്ട്രേറ്റ് കോടതി മുന്‍പാകെ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുളള നടപടികൾ സ്വീകരിച്ചിരുന്നു. പട്ടാന്പി പോലീസ് കഴിഞ്ഞ ജൂണിൽ കേസെടുത്ത് അന്വേഷിച്ചെങ്കിലും അധ്യാപകനെതിരെ തെളിവില്ലെന്നും സാക്ഷിമൊഴികളില്ലെന്നും പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് വിവരാവകാശ പ്രവർത്തകർ നല്കിയ പരാതി മുഖവിലയ്ക്കെടുത്ത കമ്മീഷൻ പരിശോധിച്ച് പോക്സോ നിയമപ്രകാരം കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.ഇത്തരം പീഡനങ്ങൾ ഉണ്ടായാൽ എങ്ങനെ നേരിടണമെന്ന മാർഗരേഖ തയാറാക്കി സംസ്ഥാനത്തെ എല്ലാ അധ്യാപകരേയും കൗണ്‍സിലർമാരേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ബോധവത്കരിക്കണമെന്നും കമ്മീഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോടും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോടും ആവശ്യപ്പെട്ടു.വിവാദത്തെതുടർന്ന് ആരോപണ വിധേയനായ അധ്യാപകനെ ആനക്കരയിലേക്കു സ്ഥലംമാറ്റിയിരുന്നു.