തുറവൂർ: പട്ടണക്കാട് പോലീസ്സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായത് രണ്ടു കൊലപാതകങ്ങൾ. ചേർത്തല ആശുപത്രിയിലെ ഡോക്ടർമാരുടേയും, പോലീസിന്റേയും ഇടപെടലാണ് സ്വാഭാവിക മരണം എന്നു തോന്നിച്ച രണ്ടു മരണങ്ങളും കൊലപാതകങ്ങളെന്ന് തെളിയിച്ചത്.
രണ്ടാഴ്ചയ്ക്കു മുന്പാണ് അമ്മയെ മകൻ ചവിട്ടിക്കൊന്നത്. കടക്കരപ്പള്ളി പഞ്ചായത്ത് പത്താംവാർഡിൽ നികർത്തിൽ സുകുമാരന്റെ ഭാര്യ കല്യാണി (75) ആണ് മകൻ സന്തോഷിന്റെ മർദനമേറ്റ് കൊല്ലപ്പെട്ടത്. വീട്ടിൽ വീണ് പരിക്കേറ്റു എന്നു പറഞ്ഞാണ് കല്യാണിയെ ചേർത്തല ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ഡോക്ടർമാരുടെ പരിശോധനയിൽ അസ്വാഭാവികത കണ്ടെത്തി പോലീസിനെ അറിയിക്കുകയായിരുന്നു. പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഇതിനോടകം അമ്മയെ മകൻ മർദിച്ച വിവരം സ്റ്റേഷനിലേയ്ക്ക് കൈമാറുകയും ചെയ്തു. ഇതേ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകന്റെ ചവിട്ടേറ്റാണ് അമ്മ മരിച്ചതെന്ന് കണ്ടെത്തിയത്.
ഈ സംഭവത്തിൽ സന്തോഷ് റിമാൻഡിലാണ്. ഇതേ രീതിയിൽ തന്നെയാണ് കുട്ടി അനങ്ങുന്നില്ലെന്ന് പറഞ്ഞ് അമ്മ ചേർത്തല ആശുപത്രിയിൽ എത്തിയത്. ഇവിടെ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടി മരിച്ചതായി കണ്ടെത്തുകയും വിവരം അമ്മ ആതിരയെ അറിയിക്കുകയുമായിരുന്നു.
എന്നാൽ കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും ആതിരയ്ക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടാകാതിരുന്നത് ഡോക്ടർമാരിൽ സംശയം ഉളവാക്കി. തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പട്ടണക്കാട് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും അസ്വാഭാവിക്ക മരണത്തിന് കേസെടുക്കുകയുമായിരുന്നു.
പോലീസ് സർജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് കുട്ടിയുടെ മരണം ശ്വാസം മുട്ടിയാണ് എന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് അമ്മ ആതിര, അച്ഛൻ ഷാരോണ്, മുത്തച്ഛൻ ബൈജു, മുത്തശ്ശി പ്രിയ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്.
ആതിരയെ ചോദ്യം ചെയ്തതിൽ നിന്നാണ് കുട്ടി കരഞ്ഞപ്പോൾ വാ പൊത്തിപ്പിടിച്ചപ്പോൾ മരിച്ചതാണെന്ന് മനസിലായത്. തുടർന്ന് കൊലപാതകത്തിന്റെ വകുപ്പു ചുമത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരു കൊലപാതകങ്ങളിലും മണിക്കുറുകൾക്കകം പ്രതികളെ പിടികൂടാനായത് പട്ടണക്കാട് പോലീസിന് നേട്ടവുമായി.