തൃശൂർ: കാലങ്ങളായി കാത്തിരുന്ന പട്ടയം ലഭിച്ചപ്പോൾ പീച്ചി മയിലാടുംപാറ അരയപറന്പിൽ റോസി ചാക്കോയ്ക്ക് ആനന്ദ കണ്ണീർ അടക്കാനായില്ല. “മണ്ണു കൊണ്ടുണ്ടാക്കിയ വീടിനു നാഥനായി. ഇനി ഞങ്ങൾക്കു സ്വസ്ഥമായിരിക്കാം.
നിറഞ്ഞ സന്തോഷം. സർക്കാരിനും മന്ത്രിക്കും നന്ദി’. ടൗണ്‍ഹാളിലെ പട്ടയ വിതരണ ചടങ്ങിൽ മന്ത്രി കെ. രാജനിൽ നിന്ന് ആദ്യം പട്ടയം ലഭിച്ചതും റോസിക്കാണ്.
പട്ടയം ലഭിച്ച സന്തോഷത്തിൽ കൈകൾ കൂപ്പിയ റോസിയെ മന്ത്രി ചേർത്തുപിടിച്ചു. ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷമാണു സദസിന്റെ മുൻ നിരയിൽ ഇരുന്ന റോസിയെ ക്ഷണിച്ചത്. തൃശൂർ താലൂക്കിലെ പീച്ചി വില്ലേജിലാണു റോസി താമസിക്കുന്നത്.
18-ാം വയസിൽ ചാക്കോയുടെ ഭാര്യയായി മയിലാടുംപാറയിൽ വന്ന റോസിക്ക് 70 -ാം വയസിലാണു ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ മണ്ണുകൊണ്ട് പടുത്തുയർത്തിയ വീടിനു പട്ടയം കിട്ടുന്നത്.
മണ്ണു കൊണ്ടുണ്ടാക്കിയതിനെ വീടെന്നു വിളിക്കാനാവില്ലെങ്കിലും റോസിയും കുടുംബവും അങ്ങനെ തന്നെ വിളിച്ചു. വീടു പുതുക്കി പണിയാനോ പൊളിച്ചു പണിയാനോ സാന്പത്തിക പ്രതിസന്ധി മൂലം റോസിക്കും കുടുംബത്തിനും കഴിഞ്ഞില്ല.
ജീവിതം ജീവിച്ചു തീർക്കേണ്ടതാണെന്ന ബോധ്യത്തിൽ സ്വയം ആശ്വസിച്ച് റോസിയും കുടുംബവും ഒരു രേഖകളുമില്ലാതെയാണ് ഇത്രയും കാലം കഴിഞ്ഞത്. മലയോര കർഷകരായതിനാൽ വനഭൂമി പട്ടയമാണു ലഭിച്ചത്.
ജില്ലയിൽ 3575 പട്ടയങ്ങൾ
തൃശൂർ: സംസ്ഥാനതല പട്ടയമേള തൃശൂർ ടൗണ്‍ ഹാളിൽ നടന്നു. സംസ്ഥാന തലത്തിൽ 77 താലൂക്കുകളിലായി 13,514 പേർക്കും തൃശൂർ ജില്ലയിൽ 3575 പേർക്കുമാണു പട്ടയങ്ങൾ നൽകിയത്. സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പട്ടയം വിതരണം നടത്തിയതു തൃശൂർ ജില്ലയാണ്. ഇതിൽ 270 എണ്ണം വനഭൂമി പട്ടയങ്ങളാണ്.
തൃശൂർ ടൗണ്‍ ഹാളിൽ നടന്ന സംസ്ഥാന, ജില്ലാതല ഉദ്ഘാടനങ്ങൾക്കു ശേഷം മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ വേദിയിൽ തൃശൂർ താലൂക്കിലെ വനഭൂമി പട്ടയങ്ങൾ ഉൾപ്പെടെ 24 പട്ടയങ്ങൾ വിതരണം ചെയ്തു.
വേദിക്കു പുറത്ത് റവന്യൂ വകുപ്പ് സജ്ജീകരിച്ച പ്രത്യേക പവലിയനുകളിലും തുടർന്ന് ജില്ലാ കളക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിലും പട്ടയ വിതരണം നടന്നു.എട്ടു വിഭാഗങ്ങളിലായാണു ജില്ലയിൽ പട്ടയ വിതരണം നടന്നത്.
മിച്ചഭൂമി പട്ടയം – 96, സുനാമി പട്ടയം – ഏഴ്, ഇനാം പട്ടയം – 21, 1993 ലെ പതിവ് ചട്ടപ്രകാരമുള്ള വനഭൂമി പട്ടയം – 270, ലാൻഡ് ട്രിബ്യൂണൽ പട്ടയം – 2511, ദേവസ്വം പട്ടയം – 661, 1995 പതിവ് ചട്ടപ്രകാരമു ള്ള മുൻസിപ്പൽ പട്ടയം - അഞ്ച്, 1964 ലെ പതിവ് ചട്ടപ്രകാരമുള്ള പട്ടയം – നാല് എന്നിങ്ങനെയാണു വിതരണം ചെയ്തത്.
ലാൻഡ് ട്രിബ്യൂണലിന്റെ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി 1,27,000 പേരിൽ നിന്നാണ് അർഹരെ കണ്ടെത്തിയത്.
270 പേർക്കു വനഭൂമി പട്ടയം
തൃശൂർ: ജില്ലയിലെ മലയോര കർഷകരായ 270 പേർക്കു വനഭൂമി പട്ടയമായി. തൃശൂർ, തലപ്പിള്ളി, ചാലക്കുടി താലൂക്കുകളിലാണു വനഭൂമി പട്ടയങ്ങൾ അർഹരുടെ കൈകളിലെത്തിയത്.
തൃശൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്തത് – 216. ഇതിൽ 75 പട്ടയങ്ങൾ പീച്ചി വില്ലേജിലും 64 പട്ടയങ്ങൾ മാടക്കത്തറ വില്ലേജിലുമാണു വിതരണം ചെയ്തത്. തലപ്പിള്ളി താലൂക്കിൽ – 28, ചാലക്കുടി താലൂക്കിൽ – നാല് എന്നിങ്ങനെയും വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്തു.
1977 നു മുൻപ് മലയോര മേഖലയിൽ കുടിയേറിയവർക്കു സ്വന്തമായി പട്ടയം നൽകണമെന്ന 189/2019 സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു വനഭൂമി പട്ടയങ്ങൾ മൂന്നു ഘട്ടങ്ങളിലായി നൽകണമെന്നു കഴിഞ്ഞ സർക്കാർ തീരുമാനിച്ചത്.