സ്വന്തം ലേഖകൻ
തൃശൂർ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടും തൃശൂർ ജില്ലയിൽ 1,404 പട്ടയങ്ങൾ തയാറാക്കാനാകാതെ ഉദ്യോഗസ്ഥരുടെ ചുവപ്പുനാടയിൽ. 391 കേസുകളിൽ സംയുക്ത പരിശോധന റിപ്പോർട്ട് തയാറാക്കിയിട്ടില്ല. 774 കേസുകളിൽ ഭൂമിയിലുള്ള വൃക്ഷവില നിശ്ചയിച്ചിട്ടുമില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിക്കാത്തതിനാലാണ് ഇത്രയും പട്ടയം അപേക്ഷകൾ കെട്ടിക്കിടക്കുന്നത്.
കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ 60 അപേക്ഷകളുടേയും ഭൂമിയുടേയും സർവേ നന്പരുകളിൽ വ്യത്യാസമുണ്ട്. 179 കേസുകൾ ആർഎഫ്, എൻആർഎഫ് കേസുകളാണ്. പട്ടയത്തിന് അപേക്ഷിച്ച 1,915 കൈവശക്കാർ ഫോം നന്പർ രണ്ട് അപേക്ഷ നൽകിയിട്ടില്ല. അപേക്ഷ നല്കണമെന്ന വിവരം അറിയാത്തവരാണ് കൈവശക്കാരിൽ ഏറേയും.
പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് മുരളി പെരുനെല്ലി എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നു സമ്മതിച്ചത്. പട്ടയം നല്കാൻ നടപടിയെടുക്കാത്ത വനംവകുപ്പുകാർ കർഷകരെ കൈയേറ്റക്കാരെന്നു മുദ്രകുത്തി ശല്യപ്പെടുത്തുകയാണെന്ന് മുരളി പെരുനെല്ലി സബ്മിഷനിൽ ചൂണ്ടിക്കാട്ടി.
സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും കൈവശ ഭൂമിയിലെ മരവില നിശ്ചയിക്കണമെന്നും കഴിഞ്ഞ വർഷം ഒക്ടോബർ 11 ന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് നിർദേശങ്ങൾ നൽകിയതുമാണ്.
ആവശ്യമെങ്കിൽ സർവേ നടത്താൻ ഡെപ്യൂട്ടി സർവേ ഡയറക്ടർ, വില്ലേജ് ഓഫീസർമാർ എന്നിവരെ ഉൾപെടുത്തി ടീം രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ സ്പെഷൽ തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി ചന്ദ്രശേഖരൻ നൽകിയ മറുപടിയിൽ പറയുന്നു.
1977 നു മുന്പ് വനഭൂമി കൈവശംവച്ചവരിൽ 2,726.38 ഹെക്ടർ സ്ഥലം 7,375 പേരുടെ കൈവശമാണെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന അനുസരിച്ച് ഇവർക്കു പട്ടയം നൽകാൻ കേന്ദ്രം അനുമതി നൽകിയതുമാണ്. ഇതനുസരിച്ച് 1,196.60 ഹെക്ടർ സ്ഥലത്തെ 4,056 പട്ടയം വിതരണം ചെയ്തു. ശേഷിച്ച 1,529 ഹെക്ടർ സ്ഥലത്തെ 1,404 പട്ടയങ്ങളാണ് നടപടികൾ പുരോഗമിക്കാതെ കെട്ടിക്കിടക്കുന്നത്. പ്