പേരാമ്പ്ര: തന്റെ പേരിലുള്ള സ്ഥലത്തിന് പൂർണ്ണമായി പട്ടയം നൽകണമെന്ന ആവശ്യവുമായി ഭിന്ന ശേഷിക്കാരനായ വളയത്ത് വി. പാപ്പച്ചൻ സമരത്തിന്. 15, 16 തീയതികളിൽ പെരുവണ്ണാമൂഴിയിലുള്ള ചക്കിട്ടപാറ വില്ലേജ് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പു നടത്തും. പട്ടയ പ്രശ്നത്തിൽ തീരുമാനമുണ്ടാകാത്തപക്ഷം 16ന് ജീവനൊടുക്കുമെന്നു അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ഇദ്ദേഹം ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് ഒന്നാം ബ്ലോക്കിലാണു പാപ്പച്ചനും കുടുംബവും താമസിക്കുന്നത്. ഭാര്യ രോഗിയും 44 വയസുള്ള മകൾ ഭിന്നശേഷിക്കാരിയുമാണ്. പരസഹായത്തോടെയാണു കാര്യങ്ങൾ നിർവഹിക്കുന്നത്. 1.36 ഏക്കർ സ്ഥലമാണു കുടുംബത്തിനുള്ളത്. ഇതിന്റെ നടുവിലുള്ള 50 സെന്റ് സ്ഥലത്തിനു പട്ടയമുണ്ട്. ചുറ്റുമുള്ള ബാക്കി സ്ഥലത്തിനാണു പട്ടയമില്ലാത്തത്.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണു എഴുപത്തിനാലുകാരനായ പാപ്പച്ചൻ. മാർച്ച് അഞ്ചിനു ചക്കിട്ടപാറ വില്ലേജ് ഓഫീസ് താഴിട്ടു പൂട്ടി കഴുത്തിൽ കയർ കുരുക്കി സമരം ചെയ്തു. വൈകുന്നേരം കൊയിലാണ്ടി തഹസിൽദാരെത്തി കളക്ടറുമായി പിറ്റേന്നു ചർച്ച നടത്താൻ പാപ്പച്ചനെ ക്ഷണിച്ചു. കർഷക നേതാക്കളുടെ സാന്നിധ്യത്തിൽ ആറിനു കളക്ടറേറ്റിൽ ചർച്ച നടന്നു.
എഡിഎമ്മും തഹസിൽദാരും വീടും സ്ഥലവും സന്ദർശിച്ച് പ്രശ്നം പഠിക്കുമെന്നറിയിച്ചു. മാർച്ച് ഏഴിനു കൊയിലാണ്ടി താലൂക്ക് സർവേയർ പാപ്പച്ചന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്തിയതിന്റെ രേഖകൾ താലൂക്ക് ഓഫീസിൽ നൽകി. എന്നിട്ടും പട്ടയ കാര്യത്തിൽ തീരുമാനമാകാതി രുന്നപ്പോൾ ചക്കിട്ടപാറ വില്ലേജ് ഓഫീസിനു മുന്നിൽ മാർച്ച് 30ന് ആത്മാഹുതി ചെയ്യുമെന്നു പാപ്പച്ചൻ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കണമെന്ന പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടറുടെ നിർദേശം മാനിച്ചാണ് അന്ന് സമരത്തിൽ നിന്നും പിൻമാറിയതെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞ് മാസം ഒന്നാകുമ്പോഴും പട്ടയ പ്രശ്നത്തിൽ ജില്ലാ കളക്ടർ അടക്കം ഉദ്യോഗസ്ഥരും ഭരണ സംവിധാനങ്ങളും മൗനം പാലിക്കുന്ന സാഹചര്യത്തിലാണു അന്തിമ സമരം നടത്തുന്നതെന്നു പാപ്പച്ചൻ രാഷ്്ട്രദീപികയോടു പറഞ്ഞു.