
പത്തനാപുരം: പട്ടാഴിയില്‍ വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് പൂര്‍ണമായും അടച്ചു. പട്ടാഴി കന്നിമേല്‍ കോളൂര് മുക്ക് ഭാഗത്താണ് വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി അധികൃതർ രംഗത്തെത്തിയത്.
ഇതോടെ പട്ടാഴിയിലേക്കുളള മറ്റ് മേഖലകളില്‍ നിന്നുള്ള മൂന്ന് പാലങ്ങളും റോഡുകളും അടച്ചു. പട്ടാഴി പിടവുര്‍ റൂട്ടിലെ തണ്ടാന്‍കടവ് പാലം, പട്ടാഴി വടക്കേക്കരയുമായി ബന്ധിപ്പിക്കുന്ന ഇടക്കടവ് പാലം, ആറാട്ടുപുഴ പാലം എന്നിവയും മെതുകുംമേല്‍ ഏനാത്ത് റോഡ്, പുത്തൂര്‍ മുക്ക് എന്നീ റോളുകളുമാണ് പൂര്‍ണമായും അടച്ചത്.
കോളൂര്‍മുക്ക് ഭാഗവും അടച്ചു. കടുവാത്തോട് കുണ്ടയം പാത നേരത്തെ അടച്ചിരുന്നു. കുന്നിക്കോട് പട്ടാഴി, മൈലം പട്ടാഴി റോഡുകള്‍ പോലീസ് നിയന്ത്രണത്തിലുമാണ്.പട്ടാഴി പഞ്ചായത്തില്‍ നിന്നുള്ള അവശ്യസര്‍വീസുകള്‍ മാത്രമാണ് പോലീസ് നിയന്ത്രണത്തിലുള്ള റോഡുകളിലൂടെ അനുവദിക്കുക.
റെഡ് കളര്‍ കോഡഡ് ആയിരുന്നെങ്കിലും ഇന്നലെ വരെ പട്ടാഴിയില്‍ വാഹന നിയന്ത്രണം ഉണ്ടായിരുന്നില്ല. പൂര്‍ണമായും അടച്ച റോഡുകളിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. അടൂര്‍, പത്തനാപുരം മേഖലകളില്‍ ആരോഗ്യവകുപ്പിലുള്പ്പെടെ ജോലിചെയ്യുന്നവര്‍ക്ക് പോലും ഇതുവഴി കടന്നുപോകാനാകുന്നില്ല.
ഇവിടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് സാന്നിധ്യം ഉറപ്പ് വരുത്തി അവശ്യസര്‍വീസുകള്‍ കടത്തിവിടണമെന്ന ആവശ്യമുയരുന്നുണ്ട്. പത്തനാപുരം പഞ്ചായത്തിലെ കുണ്ടയം, കാരംമൂട്, മാര്‍ക്കറ്റ്, മൂലക്കട വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇവിടെ നിയമലംഘനം നടത്തിയ മുപ്പത്തിരണ്ട് പേര്‍ക്കെതിരെ ഇന്നലെ പോലീസ് കേസെടുത്തു.
പഞ്ചായത്തില്‍ ഇന്ന് മുതല്‍ ഒറ്റ, ഇരട്ടയക്ക നമ്പര്‍ സമ്പ്രദായത്തിലൂടെ മാത്രമേ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ പാടുള്ളൂവെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പത്തനാപുരം സി ഐ ജെ രാജീവ് പറഞ്ഞു. വിളക്കുടി പഞ്ചായത്തിലെ 3,6,10,12,19 വാര്‍ഡുകളും തലവൂര്‍ പഞ്ചായത്തിലെ 15,19,20 വാര്‍ഡുകളും കണ്ടെെയ്ൻമെന്റ്് സോണായി തുടരും.