പത്തനാപുരം: പരിമിതികളിൽ വീർപ്പ് മുട്ടി പട്ടാഴി പൊതുമാർക്കറ്റ് .കർഷക മേഖലയായ പട്ടാഴിദേശത്തെ കർഷകർ ആശ്രയിക്കുന്ന മാർക്കറ്റാണ് ശോചനീയാവസ്ഥയിലായിട്ടുള്ളത്. സ്ഥലപരിമിതിയാണ് പ്രധാന പ്രശ്നം.ഇത് കാരണം മാർക്കറ്റിൽ കാർഷിക ഉത്പന്നങ്ങൾ വില്‍ക്കാനും വാങ്ങാനുമെത്തുന്നവർ ഏറെ ബുദ്ധിമുട്ടുന്നു.
ചന്തയില്‍ നിന്നും പുറത്തേക്കുള്ള വഴിയിലും വശങ്ങളിലും നിലത്തിരുന്നാണ് കൂടുതൽ ആളുകളും കച്ചവടം നടത്തുന്നത്. ബുധൻ,ശനി ദിവസങ്ങളിലാണ് ആഴ്ചചന്ത.കൂടാതെ വെള്ളിയാഴ്ച്ച കർഷകവിപണിയുമുണ്ട്.പുലർച്ചെ തുടങ്ങുന്ന കർഷകവിപണിയില്‍ വൈദ്യുതി വിളക്കുകൾ പ്രകാശിക്കാത്തത് കാർഷിക ഉദ്പന്നങ്ങൾ വിൽക്കാനും വാങ്ങാനുമെത്തുന്നവർക്ക് ബുദ്ധിമുട്ടാക്കുന്നു.
മഴക്കാലത്താണ് ഏറെ ബുദ്ധിമുട്ടുന്നത്.മിക്ക വ്യാപാരികളും മഴയും വെയിലും ഏറ്റാണ് വ്യാപാരം നടത്തുന്നത്. രണ്ടു വർഷം മുൻപ് ജില്ലാ പഞ്ചായത്തിൽ നിന്നും ലക്ഷങ്ങൾ ചിലവഴിച്ച് സ്റ്റാളുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും വ്യാപാരികൾക്ക് തുറന്ന് നല്‍കിയിട്ടില്ല.
പട്ടാഴി പഞ്ചായത്തിന്റെ ബജറ്റിൽ മാർക്കറ്റിന്റെ നവീകരണത്തിനായി തുക വക കൊള്ളിക്കാറുണ്ടെങ്കിലും പ്രാവർത്തികമാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.മാർക്കറ്റിനോട് ചേർന്നാണ് മാലിന്യം നിക്ഷേപിച്ചിരുക്കുന്നത്.ദുർഗന്ധം കാരണം ചന്തയ്ക്കുള്ളിൽ നിൽക്കാനാകാത്ത സ്ഥിതി വിശേഷമാണ്.
മത്സ്യ മാംസാദികൾ വില്പന നടത്തുന്നതിന് ശരിയായ സ്റ്റാളുകൾ ഇല്ല. ചുറ്റുമതിലോ ഗേറ്റോ ഇല്ലാത്തതിനാൽ അനധികൃത വാഹന പാർക്കിംഗും സാമൂഹ്യ വിരുദ്ധശല്യവും രൂക്ഷമാണെന്ന് ആക്ഷേപമുണ്ട്.നിരവധി പേർ ആശ്രയിക്കുന്ന പുരാതനമായ പട്ടാഴി ചന്ത സംരക്ഷിക്കുന്നതിന് അധികൃതർ വേണ്ടുന്ന നsപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.