പത്തനാപുരം : മലയോരഗ്രാമത്തിന്റെ എറെ നാളത്തെ ആവശ്യത്തിന് പരിഹാരമാകുന്നു.പട്ടാഴിയില്‍ പുതിയ പോലീസ് സ്റ്റേഷന് സ്ഥാപിക്കാന്‍ അഭ്യന്തരവകുപ്പിന്റെയും ധനകാര്യവകുപ്പിന്റെയും അനുമതി ലഭിച്ചു. ജില്ലയിലേക്ക് പുതിയതായി അനുവദിച്ച മൂന്ന് സ്റ്റേഷനുകളില്‍ ഒന്നാണ് പട്ടാഴിയ്ക്ക് സ്വന്തമാകുന്നത്.
നിലവില്‍ കുന്നിക്കോട് പൊലീസ് സ്റ്റേഷന്റെ ഭാഗമാണ് പട്ടാഴി.കുന്നിക്കോട് നിന്നും 10 കിലോമീറ്ററിലധികം ദൂരമാണ് പട്ടാഴിയിലേക്ക് ഉള്ളത്.പട്ടാഴി ദേവീ ക്ഷേത്രത്തിലേക്കും മറ്റും നിരവധിയാളുകളാണ് ദിവസേന എത്തുന്നത്.പട്ടാഴി,പട്ടാഴി വടക്കേക്കര പഞ്ചായത്തുകളും തലവൂര്‍ പഞ്ചായത്തിന്റെ കുറച്ചുഭാഗവും കൂടിയ ഉള്‍പ്പെടുത്തിയാണ് പട്ടാഴി പോലീസ് സ്റ്റേഷന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുക.
പട്ടികജാതി,പട്ടികവര്‍ഗ്ഗ കോളനികളടക്കം അയ്യായിരത്തിലധികം കുടുംബങ്ങളാണ് ഇവിടെ ഉള്ളത്.പത്തനാപുരം,കുന്നിക്കോട് സ്റ്റേഷനുകളാണ് വിഭജിക്കുക.സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ദൂരം കാരണം പലപ്പോഴും കൃത്യമായ ക്രമസമാധാനപാലനം മേഖലയില്‍ സാധ്യമാകാറില്ലെന്ന് ജനപ്രതിനിധികള്‍ പറയുന്നുണ്ട്.
പുതിയ സ്റ്റേഷന് ആവശ്യമായ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.നിലവില്‍ മാര്‍ക്കറ്റിനുള്ളിലെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഴയ ആശുപത്രി കെട്ടിടം പോലീസ് സ്റ്റേഷനുവേണ്ടി വിട്ടു കൊടുക്കാനാണ് തീരുമാനം.
മൂന്ന് മാസത്തിനുള്ളില്‍ കെട്ടിടവും അനുബന്ധസംവിധാനങ്ങളും ഒരുക്കി സ്റ്റേഷന് പ്രവര്‍ത്തനക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.