പട്ടാഴി: പൂക്കുന്നിമല ഉൾപ്പെട്ട പ്രദേശങ്ങളിൽ ക്വാറി ഖനനത്തിന് നീക്കം. പ്രതിഷേധം ശക്തമാകുന്നു. പട്ടാഴി പഞ്ചായത്തിലെ അഞ്ചാം വാർഡായ പന്ത്രണ്ടുമുറി വാർഡിലാണ് ക്വാറി മാഫിയ പിടിമുറുക്കുന്നത്.
ക്വാറിയോടു ചേർന്നുള്ള ജനവാസ മേഖലയിൽ നൂറുകണക്കിന് കുടുംബങ്ങൾ താമസിച്ചു വരുന്നുണ്ട്. നാല് പഞ്ചായത്തുകൾക്ക് കുടിവെളളം നൽകുന്ന വാട്ടർ ടാങ്കും ഇവിടെയാണ് സ്ഥാപിച്ചിട്ടുളളത്.
കുളപ്പാറ ഉൾപ്പെട്ട ഭാഗത്തെ മഹാദേവർ ക്ഷേത്രവും ഇവിടെയുണ്ട്. എന്നാൽ ഇതൊന്നും കണക്കാക്കാതെ ഖനനത്തിന് അനുമതി വാങ്ങിയ നടപടിയാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
രാഷ്ട്രീയക്കാരുടെയും പഞ്ചായത്ത് ഭരണാധികാരികളുടെയും മൗനാനുവാദത്തോടെയാണ് മാഫിയ പ്രവർത്തിയ്ക്കുന്നത്. ഇവർക്കെതിരെ രാഷ്ട്രീയ പാർട്ടികൾ പോലും രംഗത്തു വരുന്നുമില്ല. ഇത് ഈ വിഷയത്തിൽ ദുരൂഹതകൾക്ക് ഇടയാക്കിയിട്ടുണ്ട്.
ആകെയുളളത് ഒരു ജനകീയ സമരസമിതി മാത്രമാണ്. സമരസമിതി മാത്രമാണ് ഈ വിഷയത്തിൽ പ്രതികരിയ്ക്കുന്നത്. ക്വാറി മാഫിയയ്ക്കെതിരെ കേസു കൊടുക്കാനും സമരങ്ങൾ സംഘടിപ്പിയ്ക്കാനും സമരസമിതി മുന്നിലുണ്ട്.
കഴിഞ്ഞ ദിവസം പാറ ഖനനത്തിനായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ സമരസമിതി തടഞ്ഞു. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മീനം രാജേഷ്, മുൻ ഗ്രാമ പഞ്ചായത്തംഗം റെജിമോൻ ജേക്കബ് എന്നിവരാണ് സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.
നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണമുണ്ടാകണമെന്നാണ് പരക്കെ ആവശ്യമുയരുന്നത്.