മിതമായും മൃദുവായും മാത്രമാണു ഡോ. ഉർജിത് പട്ടേൽ സംസാരിക്കാറ്. റിസർവ് ബാങ്കിന്റെ 24-ാമത്തെ ഗവർണറെ തെറ്റിദ്ധരിക്കാൻ ഇതും കാരണമായിട്ടുണ്ടാകും.
പട്ടേൽ ഗവർണറായി 66-ാമത്തെ ദിവസം രാവിലെയാണു കറൻസി റദ്ദാക്കലിനു വേണ്ടി ശിപാർശ ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത്. വൈകുന്നേരം അടിയന്തരമായി വിളിച്ചുകൂട്ടിയ ബോർഡ് യോഗത്തിൽ ഇത് സാന്പത്തിക വളർച്ചയെ പിന്നോട്ടടിക്കുന്ന അനാവശ്യ നടപടിയാണെന്നു പട്ടേൽ പറഞ്ഞു. പക്ഷേ, ശിപാർശ നല്കി. കറൻസി റദ്ദായി. അതിന്റെ ദുരന്തഫലം രാജ്യം ഇനിയും അനുഭവിച്ചു തീർന്നിട്ടില്ല.
അന്നു ഗവൺമെന്റിനെ ധിക്കരിക്കാത്തതിനെച്ചൊല്ലി ചിലരെങ്കിലും പട്ടേലിനെ കുറ്റപ്പെടുത്തുന്നുണ്ട്. റിസർവ് ബാങ്ക് നൂറുശതമാനവും കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്നതാകും പട്ടേലിന്റെ വിശദീകരണം.
ഞെട്ടിച്ച രാജി
ഇന്നലെ രാജിവച്ചപ്പോൾ പട്ടേൽ പലരെയും ഞെട്ടിച്ചു – കേന്ദ്ര സർക്കാരിനെ അടക്കം. ഒക്ടോബർ അവസാനമോ നവംബർ 19-നോ ആയിരുന്നു രാജിയെങ്കിൽ ഈ ഞെട്ടൽ ഉണ്ടാകില്ലായിരുന്നു. അന്നു പട്ടേൽ രാജിവയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. പക്ഷേ രാജിവച്ചില്ല. നവംബർ 19-ന് ഒൻപതു മണിക്കൂർ നീണ്ട ബോർഡ് യോഗത്തിൽ സംബന്ധിച്ചു. തന്റെ നിലപാടുകളിൽ മാറ്റം വരുത്താതെ ചില സമവായങ്ങൾക്കു വഴങ്ങി. മുഖ്യവിവാദ വിഷയങ്ങൾ ഈ മാസം 14-ലേക്കു തള്ളിവിട്ടു. ഇനി രാജിയില്ലെന്ന് എല്ലാവരും കരുതി.
അന്നു സമവായമുണ്ടായ കാര്യങ്ങളിൽ ഒന്നുപോലും അദ്ദേഹം നടപ്പാക്കിയില്ല. റിസർവ് ബാങ്കിന്റെ കേന്ദ്ര ബോർഡ് ഉപദേശക സമിതി മാത്രമാണെന്നും തീരുമാനം ഗവർണറും ഡെപ്യൂട്ടി ഗവർണർമാരും ഉൾപ്പെട്ട പ്രഫഷണൽ മാനേജ്മെന്റിന്റേത് ആണെന്നും അദ്ദേഹം മൗനമായി സ്ഥാപിച്ചു.
പൊരുതൽ എളുമപ്പമല്ല
അടുത്ത ബോർഡിലും എസ്. ഗുരുമൂർത്തിയുടെയും ധനമന്ത്രാലയ ഉദ്യോഗസ്ഥരുടെയും കടുത്ത ആക്രമണം ഉറപ്പായിരുന്നു. ബോർഡിലെ സർക്കാർ നോമിനിമാരെ മാറ്റി ആക്രമണം ശക്തിപ്പെടുത്തുമെന്നും സൂചന ഉണ്ടായിരുന്നു.
പൊരുതിനിൽക്കാൻ എളുപ്പമല്ലെന്നു വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലുള്ള തന്റെ രാജി പിൻഗാമിക്കു ഗവൺമെന്റിന്റെ എറാൻമൂളിയാകാൻ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുമെന്ന് പട്ടേൽ മനസിലാക്കുന്നു. ഇനി ആരു വന്നാലും റിസർവ് ബാങ്കിന്റെ സ്വയംഭരണം സംരക്ഷിച്ചേ മതിയാകൂ എന്നൊരവസ്ഥ ഈ രാജി വഴി ഉണ്ടായി.
മികച്ച പശ്ചാത്തലം
അൻപത്തഞ്ചു വയസുള്ള ഡോ. പട്ടേലിന് ഒരു പദവി ലഭിക്കാൻ ഒരു പ്രയാസവുമില്ല. അത്രമികച്ച അക്കാദമിക പശ്ചാത്തലം അദ്ദേഹത്തിനുണ്ട്. വിദേശത്തെ അവസരങ്ങൾ ഉപേക്ഷിച്ചു മുംബൈയിലേക്ക് അദ്ദേഹം പോന്നത് വൃദ്ധയായ അമ്മയ്ക്ക് കൂട്ടായിരിക്കാൻ കൂടിയാണ്.
അമ്മയോടൊപ്പം സ്വന്തം വസതിയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. റിസർവ് ബാങ്ക് ഗവർണറുടെ വിശാലമായ ഔദ്യോഗിക വസതിയിലേക്ക് പട്ടേൽ താമസം മാറ്റിയിരുന്നില്ല. അദ്ദേഹം അവിവാഹിതനാണ്.
പ്രഗല്ഭർക്ക് ഇടമില്ല
പട്ടേൽ രാജിവയ്ക്കുന്നതോടെ പ്രഗല്ഭരായ ധനശാസ്ത്രജ്ഞർക്കു മോദിഭരണത്തിൽ തുടരാനാവില്ലെന്ന ആക്ഷേപം രൂഡമൂലമാകും. പട്ടേലിന്റെ മുൻഗാമി ഡോ. രഘുറാം രാജനു കാലാവധി നീട്ടി നല്കാതെ ഒഴിവാക്കി. നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗഡിയ അപ്രതീക്ഷിതമായി കഴിഞ്ഞ വർഷം രാജിവച്ച് അമേരിക്കയ്ക്കു മടങ്ങി.
കേന്ദ്രത്തിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. അരവിന്ദ് സുബ്രഹ്മണ്യനും കാലാവധി എത്തുംമുന്പേ രാജിവച്ചു പിരിഞ്ഞു. സ്വദേശി ജാഗരൺ മഞ്ചും എസ്. ഗുരുമൂർത്തിയുമാണ് ഇവരെയെല്ലാവരെയും പുറത്തുചാടിച്ചത്. അതേ ശക്തികൾ തന്നെ പട്ടേലിനെയും പുറത്താക്കി.
ഒരു കാര്യത്തിൽ പട്ടേലിനെ അഭിനന്ദിക്കണം. തന്റെ പദവിക്ക് കോട്ടം വരുത്താതെ അന്തസോടെ അദ്ദേഹം വിട പറയുന്നു. കറൻസി റദ്ദാക്കലിനു സമ്മതിക്കേണ്ടിവന്നതിന്റെ പാപക്കറ കഴുകിക്കളഞ്ഞെന്നു മാത്രമല്ല റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യവും പണവും കവരാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഗൂഢനീക്കത്തിനെതിരേ രാജ്യത്തു ശക്തമായ ജനാഭിപ്രായം രൂപപ്പെടുത്തുകയും ചെയ്തു അദ്ദേഹം.
സർക്കാരിനു രാഷ്ട്രീയ തിരിച്ചടികൾ തുടർച്ചയായി വരുന്ന അവസരത്തിൽ ഡോ. പട്ടേൽ രാജിവച്ചത് ഭരണകൂടത്തിനു കനത്ത ആഘാതമായി.
റ്റിസിഎം