മരട്: തൃപ്പൂണിത്തുറയ്ക്കടുത്തു പൂണിത്തുറയിൽ നാലുവയസുകാരിയടക്കം 13 പേർക്കു വളർത്തുനായയുടെ കടിയേറ്റു. പൂണിത്തുറ ജവഹർ റോഡിൽ അയ്യങ്കാളി ജംഗ്ഷനിൽ ഭഗവതിപ്പറന്പിൽ താമസിക്കുന്നവർക്കാണു കടിയേറ്റത്. ഇവിടെയുള്ള തങ്കമ്മയുടെ വീട്ടിലെ കണ്ണൻ എന്നുപേരുള്ള നാടൻ വളർത്തുനായയാണു വീട്ടിലുള്ളവരെയും വഴിയേ പോയവരെയുമൊക്കെ കടിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
തങ്കമ്മയുടെ മകന്റെ ഭാര്യ ഷീല കുളിപ്പിച്ചു ഭക്ഷണം നൽകി നായയെ പുറത്തേക്കു വിട്ട് അരമണിക്കൂറിനുള്ളിൽ കണ്ടവരെയൊക്കെ കടിച്ചുപറിക്കുകയായിരുന്നു. കളത്തിപ്പറന്പിൽ വിശ്വംഭരന്റെ രണ്ടു കോഴികളെ ആക്രമിച്ചു കൊന്നായിരുന്നു പരാക്രമത്തിന്റെ തുടക്കം. പെയിന്റ് ജോലിക്കാരനായ കെ. ശശി (49), മഹേഷ് (32), കൗസല്യ (75), മനോജിന്റെ മകൾ സിത്താര (നാല്), അഖിൽ (22), സംഗീത (35) ഷാജു (32), ശരത്, ഫാസില (45), സജാവു (32), അശ്വതി (36), മണി, സരോജിനി (45) എന്നിവർക്കാണു കടിയേറ്റത്. ദേഹത്തു പലഭാഗത്തും ഇവർക്കു കടിയേറ്റു.
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന സിത്താരയുടെ കാലിലെ മാംസം നായ കടിച്ചെടുത്തു. കൗസല്യയുടെ മാറിടത്തിലാണു കടിയേറ്റത്. ശശി വാഹനത്തിനു പെയിന്റടിച്ചുകൊണ്ടിരിക്കുന്പോൾ നായയുടെ ആക്രമണത്തിനിരയാകുകയായിരുന്നു. പരിക്കേറ്റവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പേ വിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പ് ഇല്ലാത്തതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. കുത്തിവയ്പിനുശേഷം 12 പേരെയും വിട്ടയച്ചു. സാരമായി പരിക്കേറ്റ കൗസല്യ ആശുപത്രിയിൽ തുടരുകയാണ്.
നായയുടെ കണ്ണിനു താഴെ അടിയേറ്റ പാടുണ്ടായിരുന്നെന്നും ആരോ നായയെ ആക്രമിച്ചതിനെത്തുടർന്നാകാം ആക്രമിച്ചതെന്നുമാണു നായയുടെ ഉടമയായ തങ്കമ്മ പറയുന്നത്. വീടിനു മുൻവശത്തുള്ള റോഡിൽ വളർത്തുനായയ്ക്കൊപ്പം മറ്റു രണ്ടു നായ്ക്കളും സ്ഥിരമായി കിടന്നിരുന്നെന്നും ഇവയുൾപ്പെടെയാണ് ആക്രമണം നടത്തിയതെന്നും പരിസരവാസികൾ പറഞ്ഞു. കൊച്ചി കോർപറേഷനിൽനിന്ന് എബിസി പ്രോഗ്രം സംഘമെത്തി നായ്ക്കളെ പിന്നീടു പിടികൂടി.