‘പത്തനാപുരം: നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പിറവന്തൂർ കറവൂർ പുത്തൻവീട്ടിൽ രാധാ വിലാസത്തിൽ പരേതനായ സദാശിവൻ ആചാരിയുടെയും സാവിത്രിയുടെയും മകൻ മനോജാ (38)ണ് മരിച്ചത്.
ദിവസങ്ങൾക്ക് മുൻപ് കടയ്ക്കാമണ്ണിൽ വച്ച് മനോജിനെ നായ കടിച്ചിരുന്നു. മനോജിനെ കൂടാതെ മറ്റു ചിലർക്കും നായയുടെ കടിയേറ്റിരുന്നു. ഇവർ ചികിത്സ തേടി.എന്നാൽ നിസാരമായി കരുതി മനോജ് ചികിത്സ നടത്തിയില്ല. കെട്ടിട നിർമ്മാണ തൊഴിലാളിയായ മനോജ് കഴിഞ്ഞ ദിവസം പണിസ്ഥലത്ത് അസ്വസ്ഥത കാട്ടുകയും കുഴഞ്ഞു വീഴുകയും ചെയ്തു.
തുടർന്ന് മനോജിനെ പുനലൂർ താലൂക്ക് ആശുപത്രി,കൊല്ലം ജില്ലാ ആശുപത്രി എന്നിവടങ്ങളിലെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ചികിത്സക്കിടെ ഇന്നലെ മരണം സംഭവിച്ചു.ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഇന്ന് കറവൂരിലെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. മനോജ് അവിവാഹിതനാണ്.