തലയോലപ്പറന്പ്: തലയോലപ്പറന്പിലെ പ്രധാനനിരത്തുകളിലും ഉൾപ്രദേശങ്ങളിലും തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിച്ചു പരിക്കേൽപ്പിക്കുന്നത് പതിവാകുന്നു.തലയോലപ്പറന്പ് മാർക്കറ്റ് പരിസരം, പള്ളിക്കവല, സെന്റ് ജോർജ് സ്കൂളിനുസമീപം, കനാൽ സൈഡ്, തലപ്പാറ, പൊതി ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.
കഴിഞ്ഞദിവസം കെവി കനാലോരത്ത് താമസിക്കുന്ന കോളാറയിൽ ജോയിയുടെ ആടുകളെ കൂട്ടമായെത്തിയ നായ്ക്കൾ കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ ആടുകളെ മൃഗാശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയാണ് രക്ഷപ്പെടുത്തിയത്.
ജോയിയുടെസമീപത്തെ വീട്ടിലെ ആട് ഏതാനും ദിവസങ്ങൾക്ക് മുന്പ് നായ്ക്കളുടെ ആക്രമണത്തിൽ ചത്തിരുന്നു. തലയോലപ്പറന്പിന്റെ വിവിധ ഭാഗങ്ങളിൽ കോഴികളെ വ്യാപകമായി തെരുവുനായ്ക്കൾ കൊന്നൊടുക്കുകയാണെന്നു പരാതിയുണ്ട്.
ഉൾപ്രദേശങ്ങളിൽ കടിപിടികൂടുന്ന നായ്ക്കൾ കുട്ടികൾ അടക്കമുള്ളവർക്ക് കടുത്ത ഭീഷണിയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പഞ്ചായത്ത് അധികൃതർ ജനങ്ങളുടെ ഭീതി അകറ്റാൻ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.