നാദാപുരം: വളർത്തുനായയെ കാറിൽ കൊണ്ട് വന്ന് റോഡിലുപേക്ഷിച്ച് മുങ്ങിയ യുവാക്കൾ അറസ്റ്റിൽ. പുറമേരി പഞ്ചായത്തിലെ അരൂർ സ്വദേശികളായ മൂന്ന് യുവാക്കളെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് അരൂർ മാണിക്കോത്ത് മുക്കിൽ കെ എൽ 18 എം 1847 നമ്പർ വാഗണർ കാറിലെത്തിയ സംഘം ജർമ്മൻ ഷപ്പേഡ് ഇനത്തിൽപ്പെട്ട നായയെ കാറിൽ നിന്ന് റോഡിലിറക്കി വിടുകയും കാർ അതിവേഗതയിൽ ഓടിച്ച് പോയത്.
നായ കാറിന് പിന്നാലെ ഓടിയതോടെ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. ഇതിനിടെ നായയെ ഇടിച്ച് സ്ക്കൂട്ടർ യാത്രക്കാരൻ അപകടത്തിൽപ്പെട്ട് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ കാറിന്റെ നമ്പർ സഹിതം പോലീസിൽ പരാതിപ്പെട്ടതോടെ പോലീസെത്തി കാർ യാത്രക്കാരെയും പട്ടിയുടെ ഉടമസ്ഥനെയും, ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.
അരൂരിലും പരിസരങ്ങളിലും ഭീതി പരത്തി ഓടിയ നായയെ വ്യാഴാഴ്ച്ച ഉച്ചയോടെ പിടിച്ച് കെട്ടിയതോടെയാണ് നാട്ടുകാർക്ക് ഭീതി ഒഴിവായത്. വയനാട്ടിൽ നിന്നാണ് അരൂർ സ്വദേശി പട്ടിയെ വാങ്ങിയത്.ഭക്ഷണം കഴിക്കാതെ ആയതോടെ ഉടമസ്ഥനെ തിരിച്ചേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഒഴിഞ്ഞ് മാറി എന്നും അതോടെയാണ് റോഡിലിറക്കി വിട്ടതെന്നും യുവാക്കൾ പറഞ്ഞു.
ഐ പി സി 289 ആക്ട് പ്രകാരം മൃഗങ്ങളെ അശ്രദ്ധയോടെ കൈകാര്യം ചെയ്ത് പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കി എന്ന വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപെടുത്തിയ യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയ ഉടമക്ക് തന്നെ നായയെ നാട്ടുകാർ തിരിച്ചേൽപ്പിച്ചു.