ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷം. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ്, ചേപ്പറമ്പ് , കോട്ടൂർ, കൊട്ടൂർവയൽ, കണിയാർ വയൽ, കാഞ്ഞിലേരി പ്രദേശങ്ങളിലാണ് ശല്യം രൂക്ഷമായിട്ടുള്ളത്. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ നായകൾ കൂട്ടത്തോടെ തമ്പടിക്കുന്നത് കാരണം യാത്രക്കാരും വ്യാപാരികളും വൻ ദുരിതത്തിലാണ്. നഗരസഭ ഓഫീസിന് കൺമുന്നിൽ നായ ശല്യമുണ്ടായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
നാട്ടുവഴികളിലും വിജനമായ സ്ഥലങ്ങളിലും നായകൾ അലഞ്ഞ് തിരിയുകയാണ്. ആളുകൾക്ക് നടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്. കുട്ടികളെയും മുതിർന്നവരെയും നായകൾ ഒരു പോലെ ആക്രമിക്കുകയാണ്. വാഹനങ്ങളുടെ പിന്നാലെ ഏറെ ദൂരം ഓടി ആക്രമിക്കുന്നത് കാരണം യാത്രക്കാരും പൊറുതിമുട്ടിയിരിക്കുകയാണ്.
രാപ്പകൽ ഭേദമില്ലാമാതെ ഇവ വീട്ടുപരിസരങ്ങളിൽ വരെ എത്തുന്നത് കാരണം പകൽ സമയങ്ങളിൽ പോലും ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ആളൊഴിഞ്ഞ കെട്ടിടങ്ങളും കാടും കേന്ദ്രീകരിച്ച് പകൽ കഴിയുന്ന ഇവ രാത്രിയിൽ ആൾത്താമസമുള്ള വീടുകളുടെ വരാന്തകളിൽ സ്വൈരവിഹാരം നടത്തുകയാണ്. നായ ശല്യം വർധിച്ചതോടെ വിദ്യാർഥികളെ സ്കൂളുകളിൽ വിടാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
സർക്കാർ തന്നെ തെരുവ്നായ നിയന്ത്രണത്തിന് വിവിധ പരിപാടികൾ നടത്തുന്നുണ്ടെങ്കിലും സഗരസഭ അധികൃതർ നായ ശല്യമുള്ള മേഖലകളിൽ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പറയുന്നു. അലഞ്ഞ് തിരിയുന്ന നായകളെ നിയന്ത്രിക്കണക്കിന് നഗരസഭ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ തെരുവ് നായകളെ പിടികൂടി നഗരസഭ ഓഫീസിൽ കൊണ്ടുവിടാനാണ് നാട്ടുകാരുടെ തീരുമാനം.