വൈപ്പിൻ: ഫോർട്ടു വൈപ്പിനിലും മുളവുകാടും തെരുവുനായ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. ഫോർട്ട് വൈപ്പിൻ ബസ് സ്റ്റാൻഡിൽ വച്ച് കർത്തേടം കളത്തിൽ വീട്ടിൽ സാബുതോമസിനെയും മുളവുകാട് ടവർ ലൈനിനു സമീപം ഗൗതം എന്ന പതിനേഴുകാരനായ വിദ്യാർഥിയേയുമാണ് തെരുവു നായ കടിച്ചത്.
കണങ്കാലിന് മുകളിലായാണ് സാബുവിനു കടിയേറ്റത്. രാവിലെ ഫോർട്ട് വൈപ്പിനിൽ നിന്നും ഐലൻഡിലേക്ക് പോകാനെത്തിയതായിലുന്നു ഇയാൾ. നിലക്കാത്ത രക്തപ്രവാഹം കണ്ടതോടെ ഇയാൾക്ക് തലകറക്കം അനുഭപ്പെട്ടു. ഈ സമയം ഇതുവഴി നടക്കാനിറങ്ങിയ പൊതുപ്രവർത്തകനായ ജോണി വൈപ്പിൻ ഇയാളെ ഉടൻ വാഹനത്തിൽ കയറ്റി ജനറലാശുപത്രിയിലെത്തിക്കുകയായിരുന്നു.
രാവിലെ സ്കൂളിലേക്ക് പോകാൻ എത്തിയതായിരുന്നു മുളവുകാട് സ്വദേശിയായ ഗൗതം. ടവർ ലൈനിനടുത്തെത്തിയപ്പോൾ അവിടെ കൂട്ടമായി നിന്നിരുന്ന തെരുവുനായകളിലൊന്ന് ഗൗതത്തിന്റെ തുടയിലാണ് കടിച്ചത്. കരച്ചിൽ കേട്ട് ഓടിയെത്തിയവർ വിദ്യാർഥിയെ ഉടൻ ജനറലാശുപത്രിയിലെത്തിച്ചു.
ഫോർട്ട് വൈപ്പിനിലും, മുളവുകാട് മേഖലയിലും തെരുവുനായകൾ കൂട്ടമായാണ് അലയുന്നത്. ഇവയെ നിയന്ത്രണ വിധേയമാക്കാൻ കോർപ്പറേഷൻ അധികൃതരോ പഞ്ചായത്ത് അധികൃതരോ ഒന്നും തന്നെ ചെയ്യുന്നില്ലാന്നാണ് നാട്ടുകാരുടെ പരാതി.