ചിറ്റൂർ: അന്പതോളം അപകടങ്ങളിലായി പതിനഞ്ചോളംപേർക്ക് ജീവഹാനിയുണ്ടാക്കിയ പാട്ടികുളം പാലത്തിൽ സുരക്ഷിത യാത്രാസൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമായി. ഒരുമാസംമുന്പ് പാലത്തിൽ രണ്ടു ചരക്കുലോറികൾ അപകടത്തിൽപെട്ടിരുന്നു.
പാലത്തിന്റെ തെക്കുഭാഗത്തേക്കുള്ള പാത പൂർണമായും മറച്ചാണ് പാഴ്ചെടികൾ കാടുപിടിച്ച് വളർന്നുനില്ക്കുന്നത്.
മെയിൻ റോഡിലേക്ക് കയറിവരുന്ന വാഹനങ്ങൾക്ക് പള്ളിമൊക്ക് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധത്തിലാണ് പാഴ്ചെടികൾ വളർന്നുനില്ക്കുന്നത്.
വണ്ടിത്താവളം തങ്കം തിയേറ്റർ ജംഗ്ഷനിലെ പത്രവിതരണക്കാരനാണ് പാട്ടികുളത്ത് നടന്ന അപകടത്തിലെ ആദ്യരക്തസാക്ഷി. നാലുകൊല്ലംമുന്പ് രണ്ടോണനാളിൽ ബൈക്കിലെത്തിയ പ്ലാച്ചിമട സ്വദേശികളായ മൂന്നു യുവാക്കൾ സ്വകാര്യബസിൽ ഇടിച്ച് മരണമടഞ്ഞിരുന്നു.
പൊള്ളാച്ചിയിലെ പെൻസിൽ കന്പനിയിൽ ജോലിക്കുപോയ പന്ത്രണ്ടോളം യുവതികളെ കയറ്റിപോയ ജീപ്പ് മറിഞ്ഞ് കുറ്റിപ്പാടം സ്വദേശിയായ സുമതി സംഭവസ്ഥലത്തു മരണമടഞ്ഞിരുന്നു. വാഹനത്തിലുണ്ടായ മുഴുവൻപേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
നിരവധി അപകടങ്ങൾ നടന്ന കൊടുംവളവ് നിവർത്തണമെന്ന യാത്രക്കാരുടെ ആവശ്യത്തിനുനേരെ പൊതുമരാമത്ത് മുഖംതിരിച്ചു നില്ക്കുന്നത് ജനരോഷം വർധിപ്പിക്കുകയാണ്.